ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം ഉടനുണ്ടായേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്തെ സ്‌കൂളുകള്‍ ഇപ്പോള്‍ തുറക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാകുന്നതുവരെ യാതൊരു അപകട സാധ്യതയും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. 

അന്താരാഷ്ട്ര തലത്തില്‍ നിലവിലെ ട്രെന്റുകള്‍ കാണിക്കുന്നത് കോവിഡിന്റെ മൂന്നാം തരംഗം ഉടന്‍ ഉണ്ടായേക്കുമെന്നാണ്. അതുകൊണ്ട് ഓഫ്‌ലൈന്‍ ക്ലാസുകള്‍ പുനഃരാരംഭിച്ച് കുട്ടികളെ അപകടത്തിലേക്ക് തള്ളിവിടില്ലെന്നും സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. ഡല്‍ഹിയുടെ അയല്‍സംസ്ഥാനമായ ഹരിയാണയില്‍ ഉള്‍പ്പെടെ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നു.  

കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേര്‍ക്ക് മാത്രമാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തില്‍ രോഗവ്യാപനം അതിരൂക്ഷമായിരുന്ന ഡല്‍ഹിയില്‍ ഒരാള്‍ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. 671 പേരാണ് നിലവില്‍ ഡല്‍ഹിയില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി 100ന് താഴെയാണ് ഡല്‍ഹിയിലെ പ്രതിദിന രോഗികളുടെ എണ്ണം.

content highlights: Delhi schools won't reopen now amid third Covid wave fears: CM Arvind Kejriwal