ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ഒന്‍പത്, 11 ക്ലാസുകളിലെ അധ്യയനം വെള്ളിയാഴ്ച മുതല്‍ തുടങ്ങും. വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ അറിയിച്ചതാണ് ഇക്കാര്യം. കോളേജുകളും ഡിഗ്രി - ഡിപ്ലോമ ഇന്‍സ്റ്റിറ്റ്യൂട്ടുകളും തുറന്ന് പ്രവര്‍ത്തിപ്പിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുവേണം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍. വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെ അനുമതി പത്രവുമായി എത്തണം. പരീക്ഷ നടത്തുന്ന കാര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ വിശദമായ പദ്ധതി തയ്യാറാക്കുമെന്ന് സിസോദിയ പറഞ്ഞു.

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഡല്‍ഹിയിലെ സ്‌കൂളുകള്‍ അടച്ചത്. 10, 12 ക്ലാസുകളിലെ അധ്യയനം ജനുവരി 18 ന് തുടങ്ങിയിരുന്നു.

Content Highlights: Delhi schools to reopen for classes 9 and 11 from February 5