ന്യൂഡല്‍ഹി: ചികിത്സയിലുള്ള രോഗികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ഓക്‌സിജന്‍ തീരാനാകുമ്പോള്‍ ഒരാശുപത്രിയിലെ ജീവനക്കാരും രോഗികളുടെ ബന്ധുക്കളും പരിഭ്രമത്തിലാവും. രോഗികളുടെ ജീവന്‍ നിലനിര്‍ത്താനുള്ള പ്രാണവായുവിനായി പരക്കം പായും. ഒടുവിലത്തെ കച്ചിത്തുരുമ്പ് തേടി പ്രാര്‍ഥനയില്‍ മുഴുകും. ഇതൊക്കെ തന്നെയാണ് ഡല്‍ഹിയിലെ സരോജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും ശനിയാഴ്ച വൈകുന്നേരം നടന്നത്, ഒരു പക്ഷെ അതിനപ്പുറം ചില ട്വിസ്റ്റുകളും. 

ആശുപത്രിയില്‍ കരുതിയിരുന്ന ഓക്‌സിജന്‍ തീരാനായതോടെ ചികിത്സയിലുണ്ടായിരുന്ന നൂറോളം രോഗികളുടെ ജീവന്‍ നൂല്‍പ്പാലത്തിലായി. രോഗികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്കും പോലീസിനും നിരവധി ഫോണ്‍വിളികള്‍ ആശുപത്രിയില്‍ നിന്ന് പോയി. മണിക്കൂറുകള്‍ നീണ്ട ആശങ്കയ്‌ക്കൊടുവില്‍ ആശുപത്രിയിലേക്ക് ആശ്വാസവുമായി ഓക്‌സിജന്‍ ടാങ്കറെത്തി. പക്ഷെ കുറച്ചു നിമിഷമേ ആ ആശ്വാസം നീണ്ടുനിന്നുള്ളൂ. 

ഓക്‌സിജനുമായെത്തിയ ടാങ്കറിന്റെ വലിപ്പക്കൂടുതല്‍ കാരണം ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്ക് സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് വാഹനത്തിനെത്തിച്ചേരാന്‍ കഴിയുമായിരുന്നില്ല. ഓക്‌സിജന്‍ ടാങ്കിലേക്ക് നിറക്കാതെ രോഗികള്‍ക്ക് എങ്ങനെ നല്‍കാനാവും എന്ന ആശങ്കയിലായതോടെ ആശുപത്രിയില്‍ അടക്കിപ്പിടിച്ച തേങ്ങലുകളും പ്രാര്‍ഥനകളും പരക്കം പാച്ചിലും വീണ്ടും ഉയര്‍ന്നു. പ്രാണവായു പടിവാതില്‍ക്കലെത്തിയിട്ടും രോഗികളുടെ ജീവന്‍ നിലനിര്‍ത്തുന്നത് അസാധ്യമായി തീരുമോ എന്നുള്ള ആശങ്കയിലായി എല്ലാവരും. ഓക്‌സിജന്‍ അഭാവത്താല്‍ ജയ്പുരിലെ ആശുപത്രിയില്‍ ഇരുപതോളം രോഗികള്‍ മരിച്ച വാര്‍ത്തയായിരുന്നു എല്ലാവരുടേയും ചിന്തയില്‍. 

അവസാനം തീരുമാനിച്ചു; നൂറോളം ജീവനുകളാണ് മുന്നില്‍, വാഹനത്തെ ടാങ്കിനടുത്ത് എങ്ങനേയും എത്തിക്കണം.ആശുപത്രിയുടെ ഭിത്തി പൊളിക്കുക തന്നെ. കിട്ടാവുന്ന ഉപകരണങ്ങള്‍ കൊണ്ട് പൊളിക്കാന്‍ ആരംഭിച്ചു. പക്ഷെ ഭിത്തി പൊളിക്കുന്നതിന് സമയമെടുക്കും. ടാങ്കറിന് മറ്റൊരാശുപത്രിയില്‍ ഓക്‌സിജനെത്തിക്കണം. ഭിത്തി പൊളിച്ചു കഴിയുമ്പോഴേക്കും വാഹനം എത്തിച്ചേരുമെന്ന് അധികൃതരുടെ അറിയിപ്പെത്തി. കൊണ്ടു വന്ന ഓക്‌സിജനുമായി വാഹനം മടങ്ങി. ടാങ്കര്‍ മടങ്ങിയെത്തുമെന്നോ അതു വരെ 100 ജീവനുകള്‍ പിടിച്ചു നിര്‍ത്താനാവുമെന്നോ പ്രതീക്ഷിക്കാന്‍ ആര്‍ക്കും കെല്‍പുണ്ടായിരുന്നില്ല. 

അത്രയും നേരം പിടിച്ചു നിന്ന ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും സങ്കടവും നിരാശയും കാരണം കരയാനാരംഭിച്ചതായി ആശുപത്രിയുടമ പങ്കജ് ചൗള ഓര്‍മിച്ചു. ആശുപത്രിയിലെ ഒഴിഞ്ഞ ഓക്‌സിജന്‍ സിലിണ്ടറുകളുമായി ചില ജീവനക്കാരും പോലീസുദ്യോഗസ്ഥരും പാഞ്ഞു. സിലണ്ടറുകള്‍ നിറച്ച് കോര്‍പറേഷന്‍ ബസില്‍ തിരികെയെത്തിച്ചു. ആ സിലിണ്ടറുകള്‍ അടുത്ത് 40 മിനിറ്റ് നേരത്തേക്കുള്ള ശ്വാസം പകര്‍ന്നു. ആ സിലിണ്ടറുകളാണ് ആ ദിവസത്തെ യഥാര്‍ഥത്തില്‍ രക്ഷിച്ചതെന്ന് ചൗള പറയുന്നു. 

കോര്‍പറേഷന്‍ മേയറുമായും അഗ്നിരക്ഷാസേനയുമായും ബന്ധപ്പെടുകയായിരുന്നു അടുത്ത പടി. പിന്നാലെ ജെസിബി എത്തി. ഭിത്തി പൊളിച്ചു മാറ്റി. തീരഥ് റാം ഷാ ആശുപത്രിയില്‍ ഓക്‌സിജന്‍ നല്‍കിയ ശേഷം ടാങ്കറിനെ പോലീസ് തിരികെയെത്തിച്ചു. ടാങ്കില്‍ ഓക്‌സിജന്‍ നിറച്ചു നല്‍കി. ഒരു പക്ഷെ ഓക്‌സിജന്‍ എത്തിയില്ലായിരുന്നുവെങ്കില്‍ വലിയൊരു ദുരന്തം നേരിടേണ്ടി വരുമായിരുന്നുവെന്ന് ചൗള പറഞ്ഞു. 

ഓക്‌സിജന്‍ തീരുമെന്ന കാര്യം രോഗികളുടെ ബന്ധുക്കളെ മുന്‍കൂട്ടി അറിയിക്കുകയും അവരെ മറ്റെവിടേക്കെങ്കിലും മാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തതായി ചൗള വ്യക്തമാക്കി. 34 രോഗികള്‍ക്ക് ഡിസ്ചാര്‍ജ് നല്‍കി. എവിടെ പോയാലും ഇതേ സാഹചര്യം ആയിരിക്കുമെന്നും എന്തായാലും തങ്ങളത് അഭിമുഖീകരിക്കാന്‍ തയ്യാറാണെന്നും പറഞ്ഞ് ബാക്കി രോഗികളുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചതായി ചൗള പറഞ്ഞു. ടാങ്കറിന്റെ വരവിലും ഭിത്തി പൊളിക്കുന്നതിലുമെല്ലാം അവര്‍ കട്ടയ്ക്ക് കൂടെ നിന്നത് ആശ്വാസവും ആത്മവിശ്വാസവും പകര്‍ന്നതായി അദ്ദേഹം നന്ദിയോടെ കൂട്ടിച്ചേര്‍ത്തു.

 

Content Highlights: Delhi's Saroj Hospital saved over 100 lives