ന്യൂഡല്‍ഹി: കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജെ.എന്‍.യു. മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഡല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 13-നാണ് ഉമര്‍ ഖാലിദിനെ പോലീസ് അറസ്റ്റ് ചെയ്തത്. 

തുടര്‍ന്ന് ഉമറിനെ പത്തുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടുദിവസങ്ങളിലായി അരമണിക്കൂര്‍ നേരത്തേക്ക് കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഉമര്‍ കോടതിയെ സമീപിച്ചത്. കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കാമെന്ന് പോലീസ് വാക്കാല്‍ ഉറപ്പുനല്‍കിയിരുന്നുവെന്നും എന്നാല്‍ പിന്നീട് അനുമതി റദ്ദാക്കുകയായിരുന്നുവെന്നും ഉമറിന് വേണ്ടി ഹാജരായ ത്രിദീപ് പയസ് പറഞ്ഞു. 

കുടുംബാംഗങ്ങളെ കാണുന്നത് ചോദ്യം ചെയ്യലിനെ ബാധിക്കുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് കോടതിയെ ബോധിപ്പിച്ചു. തന്റെ അഭിഭാഷകനുമായി ഉമര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും എന്തെങ്കിലും സന്ദേശം കുടുംബാംഗങ്ങള്‍ക്കായി കൈമാറമെങ്കില്‍ അഭിഭാഷകന്‍ വഴി നടത്താമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. 

പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളാണ് ഡല്‍ഹിയില്‍ കലാപത്തിന് കാരണമായത്. കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 751 എഫ്.ഐ.ആറുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Content Highlights: Delhi riots: Umar Khalid denied permission to meet family in police custody