ന്യൂഡല്‍ഹി: നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ അടുത്തിടെ നടന്ന കലാപവുമായി ബന്ധപ്പെട്ട ആദ്യ കുറ്റപത്രം ഡല്‍ഹി പോലീസ് കര്‍കര്‍ദൂമ കോടതിയില്‍ സമര്‍പ്പിച്ചു. ജാഫറാബാദ് പ്രദേശത്തുവച്ച് പോലീസിനും ജനക്കൂട്ടത്തിനും നേരെ വെടിവെപ്പ് നടത്തുകയും പോലീസ് ഹെഡ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ഷാരൂഖ് പഠാന്‍ എന്നയാള്‍ക്കെതിരെയാണ് ആദ്യ കുറ്റപത്രം. 

ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ദീപക് ദഹിയയ്‌ക്കെതിരെ ഇയാള്‍ തോക്കുചൂണ്ടി നില്‍ക്കുന്നതിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 350 പേജുള്ള  കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചിട്ടുള്ളത്. വധശ്രമം, കലാപമുണ്ടാക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആക്രമിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തല്‍ എന്നിവയ്‌ക്കെതിരായ വകുപ്പുകളാണ് ഷാരൂഖ് പഠാനെതിരെ ചുമത്തിയിട്ടുള്ളത്. ആയുധ നിയമത്തിലെയും ഇന്ത്യന്‍ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 

കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയാല്‍ ഇയാള്‍ക്ക് പത്തു വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാം. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പോലീസ് അദ്യം അറസ്റ്റു ചെയ്തതും ഷാരൂഖിനെ ആയിരുന്നു. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍നിന്ന് മാര്‍ച്ച് മൂന്നിനാണ് ഇയാള്‍ അറസ്റ്റിലായത്. 7.65 എംഎം പിസ്റ്റളും രണ്ട് വെടിയുണ്ടകളും ഇയാളില്‍നിന്ന് കണ്ടെടുത്തിരുന്നു. ഒളിവില്‍ താമസിക്കാന്‍ ഇയാള്‍ക്ക് സൗകര്യം ഒരുക്കിയ കരീംഅഹമ്മദ് എന്നയാളെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. കരീം അഹമ്മദിനും ഇഷ്തിയാക് മാലിക് എന്നയാള്‍ക്കും എതിരെയും കേസെടുത്തിട്ടുണ്ട്.

Content Highlights: Delhi riots: Sharukh Pathan named in first  charge sheet filed in court