ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസിലെ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച രേഖകളില്‍ ഖാലിസ്ഥാന്‍ വാദികളുടെയും പാക് ചാര സംഘടനയായ ഐഎസ്‌ഐയുടേയും പേരുകള്‍. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തോടൊപ്പമുള്ള രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

കേസില്‍ യുഎപിഎ ചുമത്തിയിട്ടുള്ള അത്തര്‍ ഖാന്‍ എന്ന യുവാവ് ഖാലിസ്താന്‍ വാദികളുടെയും ഐഎസ്‌ഐയുടെയും പങ്ക് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഖാലിസ്ഥാനെ പിന്തുണയ്ക്കുന്ന ബഗിച്ചാ സിങ്, ലവ്പ്രീത് സിങ് എന്നിവരെ ഷഹീന്‍ബാഗ് പ്രക്ഷോഭ വേദിക്ക് സമീപം കണ്ടുവെന്ന് റിസ്‌വാന്‍ സിദ്ദിഖി എന്ന ഒരു പരിചയക്കാരന്‍ തന്നോട് പറഞ്ഞുവെന്നാണ് 25 കാരനായ അത്തര്‍ ഖാന്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളതെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.

പാക് ചാരസംഘടനയുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ബഗിച്ചാ സിങ്, ലവ്പ്രീത് സിങ് എന്നിവര്‍ അവകാശപ്പെടുന്നതെന്ന് യുവാവ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ പ്രക്ഷോഭം നടത്തുന്നവരെ പിന്തുണയ്ക്കാന്‍ ഖാലിസ്ഥാന്‍ വാദികളോട് ഐഎസ്‌ഐ നിര്‍ദ്ദേശിച്ചുവെന്നാണ് യുവാവ് പറയുന്നത്.

ഖാലിസ്ഥാന്‍ വാദികള്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അവരുടെ ആളുകളെ പ്രക്ഷോഭ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും റിസ്‌വാന്‍ എന്നയാള്‍ തന്നോട് പറഞ്ഞുവെന്നാണ് അത്തര്‍ ഖാനെന്ന യുവാവ് വെളിപ്പെടുത്തിയിട്ടുള്ളത്. ജബര്‍ജംഗ് സിങ് എന്നയാള്‍ കലാപം നടന്ന ചാന്ദ് ബാഗ് പ്രദേശത്ത് എത്തുകയും കേന്ദ്ര സര്‍ക്കാരിനെതിരെ പ്രസംഗിക്കുകയും ചെയ്തു. ബഗിച്ചാ സിങ്ങാണ് ഇയാളെ അയച്ചതെന്നാണ് വെളിപ്പെടുത്തിയതെന്നും യുവാവ് വെളിപ്പെടുത്തിയെന്നാണ് പോലീസ് അവകാശപ്പെടുന്നത്.

ചാന്ദ് ബാഗ് സ്വദേശിയാണ് അത്തര്‍ഖാന്‍. കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ജൂലായ് രണ്ടിനാണ് ഇയാളെ അറസ്റ്റുചെയ്തത്്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷമാണ് കലാപമായി മാറിയത്. 53 പേര്‍ കലാപത്തില്‍ മരിക്കുകയും 200-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Content Highlights: Delhi riots: Involvement of ISI, Khalistan supporters surfaces in charge sheet