ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ അന്ന് പ്രക്ഷോഭം നടത്തിയവര്‍ക്കെതിരെ ബിജെപി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെപ്പറ്റി പരാമര്‍ശിച്ചിട്ടില്ലെന്ന് പരാതി.

ഡിസംബര്‍ 31 മുതല്‍ ഫെബ്രുവരി 25 വരെ നടന്ന വിവിധ സംഭവങ്ങളെപ്പറ്റി കുറ്റപത്രത്തില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും കപില്‍ മിശ്ര അടക്കമുള്ള നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളെപ്പറ്റി കുറ്റപത്രത്തില്‍ യാതൊരു സൂചനയുമില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു. പ്രതിഷേധക്കാരുടെയും ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെയും ഷഹീന്‍ബാഗ് പ്രക്ഷോഭകരുടെയും വിവരങ്ങള്‍ കുറ്റപത്രത്തിലുണ്ട്.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ മൗജ്പുര്‍ പ്രദേശത്ത് ഫെബ്രുവരി 23 ന് റാലി നടന്നിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടക്കുന്ന ജാഫറാബാദിന് തൊട്ടടുത്താണ് റാലി നടന്നത്. റാലിയെ അഭിസംബോധന ചെയ്തവര്‍ പ്രക്ഷോഭകരെ നീക്കണമെന്ന അന്ത്യശാസനം ഡല്‍ഹി പോലീസിന് നല്‍കിയിരുന്നു.

മണിക്കൂറുകള്‍ക്കകമാണ് പ്രദേശത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പിന്നാലെ കലാപം പൊട്ടിപ്പുറപ്പെടുകയും 50 ഓളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതി പിന്നീട് രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. കപില്‍ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

ഒരു കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് എസ് മുരളീധര്‍ കേന്ദ്ര മന്ത്രിയടക്കം നാല് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. തൊട്ടുപിന്നാലെ ജഡ്ജിക്ക് സ്ഥലംമാറ്റം ലഭിച്ചത് വിവാദമാകുകയും ചെയ്തിരുന്നു. കലാപക്കേസില്‍ പോലീസ് ഇതുവരെ 783 പ്രഥമ വിവര റിപ്പോര്‍ട്ടുകളും 70 കുറ്റപത്രങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെനന്ന് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Delhi riots: charge sheet skips hate speeches by BJP leaders