ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദേശീയ തലസ്ഥാനത്ത് കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ചൊവ്വാഴ്ച ഡല്‍ഹിയില്‍ 6,725 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ആകെ കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. 

" ഡല്‍ഹിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുവെന്ന് ഞാന്‍ പൊതുജനങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. നഗരത്തില്‍ കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനമെന്ന് ഞാനിതിനെ വിളിക്കും. കാരണം സെപ്റ്റംബര്‍ അവസാനത്തിലും ഒക്ടോബര്‍ തുടക്കത്തിലും ദിവസേനയുള്ള കോവിഡ് കേസുകള്‍ 3,000 ത്തില്‍ താഴ്ന്നിരുന്നു." - അരവിന്ദ് കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

33 സ്വകാര്യ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിന്റെ 80 ശതമാനം കിടക്കകളും മാറ്റിവെയ്ക്കണമെന്ന നഗര ഭരണകൂടത്തിന്റെ ഉത്തരവിനെതിരായ ഡല്‍ഹി ഹൈക്കോടതിയുടെ സ്റ്റേ മാറ്റാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഉറപ്പും നല്‍കി. നിലവില്‍ ഡല്‍ഹിയില്‍ കോവിഡ് കിടക്കകളുടെയും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ സംവിധാനങ്ങളുടെയും ദൗര്‍ലഭ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോവിഡിന്റെ മൂന്നാം ഘട്ടത്തിലൂടെയാണ് ഡല്‍ഹി കടന്നുപോകുന്നതെന്ന് തീര്‍ച്ചപ്പെടുത്താനാവില്ലെന്നും ഇക്കാര്യത്തില്‍ ഉറപ്പു പറയാന്‍ ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരുമെന്നും നേരത്തെ സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ ദേശീയ തലസ്ഥാന പ്രദേശത്ത് കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിരിക്കുകയാണ്.

Content Highlights: Delhi reporting third Covid-19 wave, says CM Arvind Kejriwal