ന്യൂഡല്‍ഹി: അല്‍ ഖ്വയ്ദ ഭീകരനെന്ന് സംശയിക്കുന്ന ബ്രിട്ടീഷ് പൗരന്‍ ഈസ്റ്റ് ഡല്‍ഹിയിലെ വികാസ് മാര്‍ഗില്‍നിന്ന് അറസ്റ്റിലായി. ഷൗമന്‍ ഹക്ക് (27) എന്നയാളെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘം ഞായറാഴ്ച അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ സെപ്റ്റംബര്‍ 30 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

വെടിയുണ്ടകളും ലാപ്‌ടോപ്പും ബംഗ്ലാദേശ് കറന്‍സിയും ഫോണുകളും സിം കാര്‍ഡുകളും ഇയാളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് സ്‌പെഷ്യല്‍ സെല്‍ ഡി.സി.പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബംഗ്ലാദേശ് വഴിയാണ് ബ്രിട്ടീഷ് പൗരന്‍ ഇന്ത്യയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ഒപ്പമല്ല എത്തിയതെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

യുവാക്കളെ ഭീകര സംഘടനയില്‍ ചേര്‍ത്ത് മ്യാന്മാറിലേക്ക് അയയ്ക്കാന്‍ 2014 ലാണ് ഇയാള്‍ ബംഗ്ലാദേശില്‍ എത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. 2013 മുതല്‍ ഭീകര സംഘടനയായ അല്‍ ഖ്വയ്ദയുമായി ബന്ധപ്പെട്ടുവരുന്ന ഇയാള്‍ ദക്ഷിണാഫ്രിക്കയിലും സിറിയയിലും ഭീകര പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ബംഗ്ലാദേശില്‍നിന്ന് നിരവധി പേരെ ഭീകര സംഘടനയില്‍ ചേര്‍ത്ത ഇയാള്‍ മിസോറാം കേന്ദ്രമായി അള്‍ ഖ്വയ്ദ താവളം രൂപവത്കരിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ മാസങ്ങളില്‍ ഭീകര സംഘടനകളുമായി ബന്ധമുള്ള നിരവധിപേരെ രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ പിടികൂടിയിരുന്നു. ഇവരില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പേരെ അറസ്റ്റുചെയ്യാന്‍ കഴിയുന്നതെന്നാണ് സൂചന.

ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരാണ് രാജ്യതലസ്ഥാനത്തുനിന്ന് കഴിഞ്ഞമാസം അറസ്റ്റിലായത്. സൗദി അറേബ്യയില്‍നിന്ന് നാടുകടത്തിയ 29 കാരനെ ഓഗസ്റ്റ് ഒമ്പതിന് ഡല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. പശ്ചിമ ബംഗാള്‍ പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 25 കാരനായ രാജ ഉള്‍ അഹമ്മദ് എന്നയാളെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.