-
ന്യൂഡൽഹി: ജെഎൻയു വിദ്യാർഥി ഷർജീൽ ഇമാമിനെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഷര്‍ജീല്‍ നടത്തിയ പ്രസംഗം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15-ന് ജാമിയ സര്‍വകലാശാലയില്‍ സംഘര്‍ഷമുണ്ടാക്കിയ ആളുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയെന്നും ഡല്‍ഹി പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കി. സാകേത് ജില്ലാ കോടതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
ഡിസംബർ 13-ന് നടത്തിയ വിവാദ പ്രസംഗം കലാപത്തിന് പ്രേരിപ്പിക്കുന്നതാണെന്ന കുറ്റം ചുമത്തിയാണ് ഷർജീൽ ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത കലാപകാരികൾക്കെതിരേ നേരത്തെ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കേസിലെ അനുബന്ധ കുറ്റപത്രമാണ് ഇപ്പോൾ സമർപ്പിച്ചത്. കേസിൽ കൂടുതൽ അന്വേഷണം തുടരുമെന്നും ഡൽഹി പോലീസ് അറിയിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. തുടർന്നുള്ള അക്രമ സംഭവങ്ങളിൽ പോലീസുകാരടക്കം നിരവധി പേർക്ക് പരിക്കേൽക്കുകയും പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കപ്പെട്ടതായും ഡൽഹി പോലീസ് പറഞ്ഞു.
വിവാദ പ്രസംഗം നടത്തിയതിന് അസം, മണിപ്പൂർ, അരുണാചൽ പ്രദേശ് പോലീസും ഷർജീൽ ഇമാമിനെതിരേ നേരത്തെ കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
content highlights:Delhi Police slaps sedition charge against Sharjeel Imam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..