
Photo - AFP
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ മരിച്ചവരുടെയെണ്ണം 38 ആയി. അതിനിടെ, കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപവത്കരിച്ച് കേസുകള്‍ അന്വേഷിക്കുമെന്ന് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍മാരായ ജോയ് ടിര്‍ക്കി, രാജേഷ് ദിയോ എന്നിവരുടെ നേതൃത്വത്തിലാവും അന്വേഷണ സംഘങ്ങള്‍. നാല് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ രണ്ട് സംഘങ്ങളിലും ഉണ്ടാവും. അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ബി.കെ സിങ്ങിനാവും അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. 48 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അതിനിടെ കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കും. അവര്‍ കോണ്‍ഗ്രസായാലും ബിജെപി ആയാലും ആം ആദ്മി പാര്‍ട്ടിയായാലും നടപടിയുണ്ടാവും.
കലാപത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപവീതം അദ്ദേഹം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കലാപത്തിനിടെ പരിക്കേറ്റവര്‍ക്ക് സ്വകാര്യ ആശുപത്രിയിലടക്കം സൗജന്യ ചികിത്സ ലഭ്യമാക്കും. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപവീതം നല്‍കും. ഗുരുതര പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 20,000 രൂപയും നല്‍കും.
കലാപത്തിനിടെ വീടുകളും കച്ചവട സ്ഥാപനങ്ങളും കത്തിനശിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കും. വാടക വീടോ, വാടക കെട്ടിടത്തിലുള്ള കച്ചവട സ്ഥാപനമോ ആണ് കത്തി നശിച്ചതെങ്കില്‍ കെട്ടിടം ഉടമയ്ക്ക് നാലുലക്ഷം രൂപയും താമസക്കാരനോ കച്ചവടക്കാരനോ ആയ വ്യക്തിക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. കലാപത്തിനിടെ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് 50,000 രൂപയും റിക്ഷകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 25,000 രൂപയും ഇ റിക്ഷകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 50,000 രൂപയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ 34 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്.
Content Highlights: Delhi Police forms two SITs to probe northeast Delhi violence
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..