ന്യൂഡല്‍ഹി: പാര്‍ലമെന്റ് ധര്‍ണയ്ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷക സംഘടനകളും ഡല്‍ഹി പോലീസും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പാര്‍ലമെന്റ് സമ്മേളനത്തോട് അനുബന്ധിച്ച് നടത്തുന്ന ധര്‍ണയുമായി മുന്നോട്ടുപോകുമെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. ജൂലായ് 22 മുതല്‍ പ്രതിദിനം 200 പേര്‍ വീതം ധര്‍ണ നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. എന്നാല്‍ അനുമതിയുടെ കാര്യത്തില്‍ രാത്രി തീരുമാനം അറിയിക്കാമെന്നാണ് ഡല്‍ഹി പോലീസിന്റെ നിലപാട്.

ഡല്‍ഹി അതിര്‍ത്തിയിലെ സമരം ദീര്‍ഘകാലം പിന്നിടുകയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലുമാണ് കര്‍ഷക സംഘടനകള്‍ പാര്‍ലമെന്റ് ധര്‍ണ പ്രഖ്യാപിച്ചിരുന്നത്. അടുത്ത വ്യാഴാഴ്ച മുതല്‍ പാര്‍ലമെന്റ് സമ്മേളനം തീരുന്നതു വരെ ധര്‍ണ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ പോലീസുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ കര്‍ഷകരുടെ നീക്കത്തിന് നിലവില്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സിംഘുവില്‍ എത്തിയാണ് കിസാന്‍ സംയുക്ത മോര്‍ച്ചാ നേതാക്കളുമായി ചര്‍ച്ച നടത്തിയത്.

ധര്‍ണയുടെ കാര്യത്തില്‍ പിന്നോട്ടില്ലെന്നും സമാധാനപരമയ സമരമായിരിക്കും നടത്തുകയെന്നും ചര്‍ച്ചയുടെ തുടക്കത്തില്‍ത്തന്നെ നേതാക്കള്‍ നിലപാട് സ്വീകരിച്ചിരുന്നു. പാര്‍ലമെന്റ് സമരം നടക്കുന്ന ദിവസങ്ങളില്‍ 200 പേര്‍ വീതം പ്രതിഷേധത്തില്‍ പങ്കെടുക്കും. പങ്കെടുക്കുന്നവരുടെ പേരു വിവരങ്ങള്‍ പോലീസിന് കൈമാറുമെന്നും ധര്‍ണയ്ക്കു ശേഷം ദിവസവും രാത്രി ഇവര്‍ സമരഭൂമിയിലേക്ക് മടങ്ങിപ്പോകുമെന്നും നേതാക്കള്‍ പോലീസിന് ഉറപ്പുനല്‍കി.

എന്നാല്‍ സുരക്ഷയും കോവിഡ് സാഹചര്യവും കണക്കിലെടുത്ത് പ്രതിഷേധത്തില്‍നിന്ന് പിന്മാറണമെന്നായിരുന്നു പോലീസ് ആവശ്യം. സമരത്തിന് അനുമതി നല്‍കുന്ന കാര്യം വൈകിട്ട് അറിയിക്കുമെന്നാണ് ഡല്‍ഹി പോലീസ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ലഭിക്കുന്ന സൂചന, കര്‍ഷക സംഘടനകളുടെ ആവശ്യം പോലീസ് തള്ളിയെന്നാണ്. സുരക്ഷാ പ്രശ്‌നവും കോവിഡ് സാഹചര്യവും കണക്കിലെടുത്താണ് പോലീസ് ധര്‍ണയ്ക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. എന്നാല്‍ ധര്‍ണയുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് കര്‍ഷക സംഘടനകളുള്ളത്.

ഇതോടെ ഡല്‍ഹിയില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. കര്‍ഷകര്‍ നഗരത്തിലേക്ക് കടക്കാതിരിക്കാന്‍ സിംഘു, ടിക്രി, ഗാസിപുര്‍ തുടങ്ങിയ സമരകേന്ദ്രങ്ങള്‍ക്ക് അടുത്തുള്ള ഏഴ് സെക്ടര്‍ സ്‌റ്റേഷനുകളില്‍ പോലീസ് അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒപ്പം തന്നെ അതിര്‍ത്തികളില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

content highlights: delhi police- farmer union leaders discussion failed