ന്യൂഡല്‍ഹി: നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച ആറ് ലക്ഷം രൂപയുടെ വ്യാജനോട്ടുകള്‍ ഡല്‍ഹി പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുള്ളവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ചയാണ് ഡല്‍ഹി പോലീസ് പ്രത്യേക സെല്‍ വ്യാജനോട്ടുകളുമായി രണ്ടുപേരെ പിടികൂടുന്നത്. നൂറ് രൂപ നോട്ടിന്റെ വ്യാജനോട്ടുകളാണ് പിടിച്ചെടുത്തിരിക്കുന്നത്. 

നേരത്തെ 2000 രൂപയുടെ നോട്ടുകള്‍ കടത്താന്‍ മാള്‍ഡയായിരുന്നു ഇത്തരക്കാര്‍ പ്രധാന വഴിയായി തിരഞ്ഞെടുത്തിരുന്നത് എന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

സോണിയാ വിഹാറിന്റെ നിയന്ത്രണം സ്പെഷല്‍ സെല്‍ ഏറ്റെടുത്തപ്പോള്‍ ബിഎസ്എഫും എന്‍ഐഎയും വ്യാജനോട്ട് കടത്തുകാരുടെ വിന്യാസത്തെ തകര്‍ത്തുവെന്നും പോലീസ് പറഞ്ഞു. 

കഴിഞ്ഞമാസം ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ വ്യാജ നോട്ട് അച്ചടി റാക്കറ്റിലെ കണ്ണികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് 18 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. 2000 രൂപ കറന്‍സിയുടെ വ്യാജ കറന്‍സികളായിരുന്നു ഇവ.