ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ നിയമപ്രകാരം ഒക്ടോബര്‍ 18 വരെ ആരെയും അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസിന് അധികാരം നല്‍കി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാള്‍. ഡല്‍ഹിയിലെ സുരക്ഷ മുന്‍നിര്‍ത്തി ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബാലാജി ശ്രീവാസ്തവയ്ക്ക് പ്രത്യേക അധികാരം നല്‍കിയാണ് ലഫ്. ഗവര്‍ണര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ജൂലായ് 19 മുതല്‍ വിജ്ഞാപനം പ്രാബല്യത്തില്‍ വന്നു.

രാജ്യ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് കണ്ടെത്തുന്ന ആരെയും ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിക്കും. അതേസമയം സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ഡേ തുടങ്ങിയ പ്രധാനപ്പെട്ട ആഘോഷ ദിനങ്ങള്‍ക്ക് മുമ്പ് പതിവായി പുറപ്പെടുവിക്കുന്ന ഉത്തരവാണിതെന്ന് ഡല്‍ഹിയിലെ ചില മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. 

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഓഗസ്റ്റ് അഞ്ചിന് പാക് ഭീകരസംഘടനകള്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. 

അതേസമയം കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലും അതിര്‍ത്തി പ്രദേശത്തും നൂറുകണക്കിന് കര്‍ഷകര്‍ പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനിടെയാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ പുതിയ നിര്‍ദേശമെന്നതും ശ്രദ്ധേയമാണ്. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം അവസാനിക്കുന്ന ഓഗസ്റ്റ് 13 വരെ ജന്തര്‍ മന്ദറില്‍ കര്‍ഷക സംഘടനകള്‍ പ്രതിഷേധം തുടരും. 

content highlights: Delhi Police can now apprehend anyone under National Security Act till October 18: Reports