ന്യൂഡല്‍ഹി: ചീഫ് സെക്രട്ടറിയെ മര്‍ദിച്ചുവെന്ന പരാതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യാനായി ഡല്‍ഹി പോലീസ് കെജ്‌രിവാളിന്റെ വീട്ടിലെത്തി. 

കെജ്രിവാളിന്റെ വീട്ടില്‍ വെച്ച് രണ്ട് എം.എല്‍.എമാര്‍ തന്നെ മര്‍ദിച്ചുവെന്നായിരുന്നു ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന്റെ പരാതി. 

കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ വിളിച്ച യോഗത്തിനിടെ മര്‍ദനമേറ്റുവെന്നാണ് അന്‍ഷു പ്രകാശ് പരാതിയില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാറിനെ കഴിഞ്ഞ മാസം പോലീസ് ചോദ്യം ചെയ്തിരുന്നു. 

അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചോദ്യം ചെയ്യാനായി കെജ്രിവാളിന്റെ വീട്ടിലെത്തിയത്.