ന്യുഡല്‍ഹി: അധോലോക നായകന്‍ ഛോട്ടാ രാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തി നാലു പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. 

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ ഛോട്ടാ ഷക്കീലിന്റെ നിര്‍ദ്ദേശപ്രകാരമാണ്  ഛോട്ടാ രാജനെ വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടതെന്ന്‌ പോലീസ് അറിയിച്ചു. ഛോട്ടാ ഷക്കീലിന്റെ അടുത്ത ആളുകളാണ് അറസ്റ്റിലായ നാല് പേരും.

റോജര്‍ റോബിണ്‍സണ്‍, ജുനൈദ്, യൂനസ്, മനീഷ് എന്നിവരെയാണ് പോലീസ് നാല് ദിവസം മുന്‍പ് കസ്റ്റഡിയിലെടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം തീഹാര്‍ ജയിലിലേക്കയച്ചു. ഛോട്ടാ രാജനും തീഹാര്‍ ജയിലിലാണ് കഴിയുന്നത്.

അറസ്റ്റിലായ നാലു പേരും നിരന്തരമായി ഛോട്ടാ ഷക്കീലുമായി ഫോണ്‍ വഴിയും, ഇന്റര്‍നെറ്റ് വഴിയും ബന്ധപ്പെട്ടത്തിന്റെ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ ആയുധങ്ങള്‍ കൈമാറുന്നത് അടക്കമുള്ള സംഭാഷണങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്.  

ഛോട്ടാ രാജനെയും അദ്ദേഹത്തിന്റെ ഡ്രൈവറെയും വധിക്കാനായിരുന്നു ഇവരുടെ ഉദ്ദേശം. രാജന്‍ ജയിലിലായത് മുതല്‍ ഡ്രൈവര്‍ ഇടക്കിടെ ഡല്‍ഹിയിലേക്ക് വരാറുണ്ട്. തീഹാര്‍ ജയിലില്‍ നിന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന രാജനെ  യാത്രാ മധ്യേ വധിക്കാനായിരുന്നു സംഘം പദ്ധതിയിട്ടതെന്ന്‌ പോലീസ് വൃത്തങ്ങള്‍ പറയുന്നു.

അറസ്റ്റിലായവരുടെ പക്കല്‍ നിന്ന് സ്‌പെഷ്യല്‍ സെല്‍ തോക്കുകളും  40,000 രൂപയും പിടിച്ചെടുത്തു. മാത്രമല്ല ഇവരുടെ മൊബൈല്‍ ഫോണിലെ സംഭാഷണ ശകലങ്ങള്‍ ഫോറന്‍സിക് പരിശോധനക്കായി അയക്കും.

മെയ് 1 ന് തിഹാര്‍ ജയിലിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് ഛോട്ടാ രാജനെ വധിക്കാന്‍ ശ്രമം നടക്കുന്നതായി സന്ദേശം വന്നിരുന്നു. ഇതെ തുടര്‍ന്ന് ഛോട്ടാ രാജനുള്ള സുരക്ഷ ശക്തമാക്കിയിരുന്നു. 

ഇന്റര്‍പോളിന്റെ പട്ടികയിലുണ്ടായിരുന്ന ഛോട്ടാ രാജനെ ഇന്‍ഡൊനീഷ്യയിലെ ബാലിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് അറസ്റ്റ് ചെയ്യുന്നത്. 27 വര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു. ഡല്‍ഹിയിലും മുംബൈയിലുമായി നടന്ന എഴുപതോളം കൊലക്കേസുകളിലും കള്ളക്കടത്തു കേസിലും പ്രതിയായ രാജനെ ബാലി പോലീസ് അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറുകയായിരുന്നു.