Mohammed Zubair | Photo: Twitter
ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകനും ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകരിലൊരാളുമായ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലീസ്. ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ എഫ്ഐആറില്‍ പുതിയതായി ചുമത്തിയിരിക്കുന്നത്.
കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രകോപനം (ഐ.പി.സി. 153 എ.), മതവിഭാഗങ്ങളെ മോശമായി ചിത്രീകരിക്കല്‍ (ഐ.പി.സി. 295) തുടങ്ങിയവ വകുപ്പുകളാണ് സുബൈറിനെതിരേ നേരത്തെ ചുമത്തിയിരുന്നത്. ഇതിനൊപ്പമാണ് മറ്റ് വകുപ്പുകള്‍കൂടി ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിദേശ സംഭാവനാ നിയന്ത്രണ ചട്ടം (എഫ്.സി.ആര്.എ.) 35-ാം വകുപ്പിനൊപ്പമാണ് പുതിയ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്. കുറ്റകരമായ ഗൂഢാലോചനയും തെളിവ് നശിപ്പിക്കലും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയതായി ഡല്‍ഹി പോലീസ് പട്യാല ഹൗസ് കോടതിയെ അറിയിച്ചു. ഇതോടെ കേസിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് അന്വേഷിക്കാനാകും. മുഹമ്മദ് സുബൈറിനെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടണമെന്നും ഡല്‍ഹി പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.
ട്വീറ്റ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹനുമാന് ഭക്തന് നല്കിയ പരാതിയിലാണ് സുബൈറിന്റെ അറസ്റ്റ്. ജൂണ്‍ 28-ന് ഡല്‍ഹി കോടതി നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. 2018-ല്‍ ട്വിറ്ററില്‍ പോസ്റ്റ്ചെയ്ത സന്ദേശം മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സുബൈറിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..