ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് ദയാഹര്‍ജി ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ഒരാഴ്ച സമയം അനുവദിച്ചു. ഇതുസംബന്ധിച്ച് പുതിയ നോട്ടീസ് പുറപ്പെടുവിക്കാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിര്‍ഭയയുടെ അമ്മയുടെ ഹര്‍ജിയില്‍ കോടതി ഇനി ജനുവരി ഏഴിന് വാദം കേള്‍ക്കും. 

നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് ഉടന്‍ മരണവാറന്റ് പുറപ്പെടുവിക്കണമെന്നായിരുന്നു നിര്‍ഭയയുടെ അമ്മ ആശാദേവിയുടെ ആവശ്യം. എന്നാല്‍ നിങ്ങളോട് സഹതാപമുണ്ടെന്ന് പറഞ്ഞ കോടതി പ്രതികള്‍ക്ക് അവരുടേതായ അവകാശങ്ങളുണ്ടെന്നും വ്യക്തമാക്കി. എവിടെപോയാലും പ്രതികളുടെ അവകാശങ്ങളെക്കുറിച്ചാണ് ഞങ്ങളോട് പറയുന്നതെന്നും ഞങ്ങള്‍ക്കും അവകാശങ്ങളില്ലേ എന്നും നിര്‍ഭയയുടെ അമ്മ കണ്ണീരോടെ പറഞ്ഞു. നിങ്ങളെ കേള്‍ക്കാനും പിന്തുണയ്ക്കാനുമാണ് കോടതിയുള്ളതെന്നും പക്ഷേ, നിയമങ്ങള്‍ പിന്തുടരാന്‍ ബാധ്യസ്ഥരാണെന്നുമായിരുന്നു കോടതിയുടെ മറുപടി. 

നിര്‍ഭയ കേസിലെ പ്രതി അക്ഷയ് കുമാര്‍ സിങ്ങിന്റെ പുനഃപരിശോധന ഹര്‍ജി ബുധനാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു. നേരത്തെ വിധിച്ച വധശിക്ഷ ശരിവെച്ചാണ് ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ച് പുനഃപരിശോധന ഹര്‍ജി തള്ളിയത്. 

Content Highlights: delhi patiala house court allows one week for nibhaya case convicts to file mercy plea