നിർമാണം പുരോഗമിക്കുന്ന ഡൽഹി-മുംബൈ എക്സ്പ്രസ് വേ | ചിത്രം: PTI
ന്യുഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അതിവേഗപാതയായ ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറിനൊപ്പം പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. 1380 കിലോമീറ്ററാണ് പാതയുടെ നീളം.
ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2023ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 98,000 കോടി രൂപയാണ് പദ്ധതിക്കായി ചിലവാകുന്നത്.
2018 മാര്‍ച്ച് 9നാണ് തറക്കല്ലിട്ട് നിര്‍മാണം തുടങ്ങിയ പദ്ധതിയുടെ 1380 കിലോമീറ്റര്‍ നീളം വരുന്ന പാതയുടെ 1200ലധികം കിലോമീറ്റര്‍ നിര്‍മിക്കാനുള്ള കരാറുകള്‍ ഇതിനോടകം തന്നെ നല്‍കിക്കഴിഞ്ഞു. ഇതിന്റെ പണി പുരോഗമിക്കുകയാണ്.
പുതിയ എക്‌സ്പ്രസ് വേ ഡല്‍ഹി -മുംബൈ യാത്രാ സമയം 24 മണിക്കൂറില്‍ നിന്ന് ഏകദേശം 12 മണിക്കൂറായി കുറയ്ക്കുകയും 130 കിലോമീറ്റര്‍ ലാഭിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇത് പ്രതിവര്‍ഷം 320 ദശലക്ഷം ലിറ്ററിലധികം ഇന്ധനം ലാഭിക്കുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് ഏകദേശം 850 ദശലക്ഷം കിലോഗ്രാം കുറയ്ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു എന്‍ജിനീയറിംഗ് വിസ്മയമായിരിക്കും ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ എന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണത്തില്‍ 12 ലക്ഷം ടണ്ണിലധികം സ്റ്റീല്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് അതായത് ഏകദേശം 50 ഹൗറ പാലങ്ങള്‍ നിര്‍മ്മിക്കുന്നതിന് തുല്യം. ഇന്ത്യയുടെ വാര്‍ഷിക സിമന്റ് ഉല്‍പാദന ശേഷിയുടെ ഏകദേശം 2 ശതമാനത്തോളമാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. 80 ലക്ഷം ടണ്‍ സിമന്റ് പദ്ധതിക്കായി ഉപയോഗിക്കും. ആയിരത്തോളം സിവില്‍ എഞ്ചിനീയര്‍മാരും അന്‍പത് ലക്ഷത്തോളം തൊഴിലാളികളുമാണ് പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുന്നത്.
Content Highlights: Delhi-Mumbai express highway would be an engineering marvel and would be operational in 2 years
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..