ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വെച്ചിരുന്ന ഡൽഹി മെട്രോ അഞ്ച് മാസത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷം സർവീസ് പൂർണമായും പുനരാരംഭിച്ചു. ഡൽഹി മെട്രോയുടെ മജന്ത, ഗ്രേ ലൈനുകൾ കൂടി വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ സർവീസ് പുനരാരംഭിച്ചതോടെ ഡൽഹി മെട്രോ ലൈനുകൾ ഏകദേശം പൂർണമായും പ്രവർത്തനസജ്ജമായി.

ആറ് മണിക്കൂർ ദൈർഘ്യം വീതമുള്ള രണ്ട് ബാച്ചുകളായാണ് നിലവിൽ മജന്ത, ഗ്രേ ലൈനുകൾ സർവീസ് നടത്തുക. രാവിലെ ഏഴ് മണിമുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകിട്ട് നാല് മുതൽ രാത്രി പത്തു മണി വരെയുമായിരിക്കും സർവീസുകൾ. മെട്രോ സർവീസ് പുനരാരംഭിക്കുന്നതിന്റെ രണ്ടാം ഘട്ടമായിരുന്നു ഇത്.

സുരക്ഷാ മാർഗനിർദേശങ്ങളോടെ ഡൽഹിയിലെ ജനങ്ങൾക്കൊപ്പം മജന്ത, ഗ്രേ ലൈനുകളുടെ സർവീസ് വിജയകരമായി പുനരാരംഭിച്ചതായും മുൻകരുതലുകൾ സ്വീകരിച്ച് സുരക്ഷിതരായി യാത്ര ചെയ്യാനും ഡൽഹി മെട്രോ റെയിൽ കോർപറേഷൻ(ഡിഎംആർസി)ട്വീറ്റ് ചെയ്തു.

മാർച്ച് 22 മുതൽ നിർത്തി വെച്ച മെട്രോ സർവീസ് 173 ദിവസങ്ങൾക്ക് ശേഷമാണ് പുനരാരംഭിച്ചത്. ആദ്യഘട്ടത്തിൽ യെല്ലോ ലൈൻ, റാപ്പിഡ് മെട്രോ എന്നിവ തിങ്കളാഴ്ചയും ബ്ലൂ, പിങ്ക് ലൈനുകൾ ബുധനാഴ്ചയും പുനരാരംഭിച്ചിരുന്നു. വ്യാഴാഴ്ച റെഡ്, വയലറ്റ്, ഗ്രീൻ ലൈനുകൾ സർവീസ് തുടങ്ങി. അത്യാവശ്യഘട്ടങ്ങളിൽ മാത്രം മെട്രോ സർവീസ് ഉപയോഗപ്പെടുത്തണമെന്ന് ഡിഎംആർസി ജനങ്ങളോട് അഭ്യർഥിച്ചു.