കൗൺസിലർ മോണികാ പന്ത് | Photo: Twitter/ANI
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പേറഷനില്‍ മേയര്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തങ്ങളുടെ കൗണ്‍സിലര്‍മാരെ പ്രലോഭിപ്പിച്ച് വോട്ട് നേടാന്‍ എ.എ.പി. ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബി.ജെ.പി. മേയര്‍ തിരഞ്ഞെടുപ്പില്‍ എ.എ.പി. സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് പ്രലോഭനങ്ങളുമായി തങ്ങളുടെ കൗണ്‍സിലര്‍മാരെ സമീപിച്ചുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 206-ാം വാര്‍ഡ് കൗണ്‍സിലര്‍ മോണികാ പന്തിനെ ശിഖാ ഘാര്‍ഗ് എന്ന വനിത വാഗ്ദാനങ്ങളുമായി സമീപിച്ചുവെന്ന് ബി.ജെ.പി. നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ബി.ജെ.പി. ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. ശിഖാ ഘാര്‍ഗ് തങ്ങളുടെ കൗണ്‍സിലര്‍മാരെ ഫോണില്‍ വിളിച്ചതിന്റെ രേഖകളുണ്ടെന്നും ബി.ജെ.പി. നേതാക്കള്‍ അവകാശപ്പെട്ടു. ഡല്‍ഹി ബി.ജെ.പി. വക്താവ് ഹരിഷ് ഖുറാനയും കൗണ്‍സിലര്‍ മോണികാ പന്തും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. സംഭവവുമായി ബന്ധമുള്ളതെന്ന് അവകാശപ്പെട്ട് ഏതാനും സി.സി.ടി.വി. ദൃശ്യങ്ങള്‍ ഷെഹ്‌സാദ് പൂനാവാല ട്വിറ്ററില്‍ പങ്കുവെച്ചു.
'ഏരിയാ ഫണ്ടുകളും മറ്റ് ഫണ്ടുകളും നല്‍കാമെന്നാണ് ശിഖാ ഘാര്‍ഗ് മോണികാ പന്തിനോട് പറഞ്ഞത്. മറ്റ് ഫണ്ടുകള്‍ എന്താണെന്ന് നമുക്ക് മനസ്സിലാകും. എ.എ.പിയുടെ നീക്കത്തിനെതിരെ ഞങ്ങള്‍ ആന്റി കറപ്ഷന്‍ ബ്യൂറോയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. അരവിന്ദ് കെജ്‌രിവാളിനെ ഒരു കാര്യം ഓര്‍പ്പിക്കുകയാണ്. ഇവര്‍ ബി.ജെ.പി. കൗണ്‍സിലര്‍മാരാണ്. കാശുകൊടുത്തുവാങ്ങാന്‍ എ.എ.പിയുടെ പ്രതിനിധികള്‍ അല്ല. ബി.ജെ.പി. നേതാക്കളെ പ്രലോഭിപ്പിക്കാന്‍ ശ്രമിക്കരുത്' - ഹരിഷ് ഖുറാന മുന്നറിയിപ്പ് നല്‍കി.
അതേസമയം, ബി.ജെ.പി. കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നവെന്ന ആരോപണവുമായി എ.എ.പിയും രംഗത്തെത്തി. മഹാരാഷ്ട്രയിലും അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, കര്‍ണാടക, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ എം.എല്‍.എമാരെ കുതിരക്കച്ചവടത്തിലൂടെ വിലയ്‌ക്കെടുത്തതിന് സമാനമായി ബി.ജെ.പി. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലും 'ഡേര്‍ട്ടി ഗെയിം' കളിക്കുകയാണെന്ന് രാജ്യസഭാ എം.പി. സഞ്ജയ് സിങ് ആരോപിച്ചു. പണവും ഭീഷണിയും ഉപയോഗിച്ച് ജനാധിപത്യത്തെ കൊലപ്പെടുത്താനും ജനവിധി അട്ടിമറിക്കാനും ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ ഡല്‍ഹി പോലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ലജ്ജയില്ലാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. ഞങ്ങളേക്കാള്‍ 30 സീറ്റുകള്‍ കുറവ് ലഭിച്ചിട്ടും മേയര്‍ അവരുടേതായിരിക്കുമെന്നാണ് ബി.ജെ.പി. പറയുന്നത്. ഇവര്‍ എ.എ.പിയുടെ കൗണ്‍സിലര്‍മാരാണ്. അരിവിന്ദ് കെജ്‌രിവാളിനൊപ്പം ഇവര്‍ സത്യസന്ധതമായും തികഞ്ഞകൂറോടെയും കൂടെ നില്‍ക്കും.', സഞ്ജയ് സിങ് പറഞ്ഞു. തങ്ങള്‍ക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായും മേയര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ 50 ലക്ഷം രൂപ വീതം വാഗ്ദാനം ചെയ്തതായും എ.എ.പി. കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
Content Highlights: Delhi MCD results BJP claims AAP trying to lure councilors
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..