അരവിന്ദ് കെജ്‌രിവാൾ| Photo: ANI
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഹോട്ട്‌സ്‌പോട്ടുകളായി മാറാന്‍ സാധ്യതയുള്ള മാര്‍ക്കറ്റുകള്‍ അടയ്ക്കാന്‍ സാധ്യത. ഹോട്ട്സ്പോട്ടുകളായി ഉയര്‍ന്നുവരുന്ന മാര്‍ക്കറ്റുകള്‍ ഏതാനും ദിവസത്തേക്ക് അടച്ചുപൂട്ടാന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ആം ആദ്മി സര്‍ക്കാര്‍ കേന്ദ്രത്തിന് നിര്‍ദേശം സമര്‍പ്പിച്ചു.
വ്യാപാര സ്ഥലങ്ങള്‍ കോവിഡ് ഹോട്ട്‌സ്‌പോട്ടുകളായി മാറാന്‍ സാധ്യതയുള്ളതിനാല്‍, ജനക്കൂട്ടം കുറയുന്നില്ലെങ്കില്‍ മാര്‍ക്കറ്റുകള്‍ അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി കുറയ്ക്കാനും സംസ്ഥാനം ആലോചിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വിവാഹങ്ങളില്‍ 200 പേരെ അനുവദിച്ചിരുന്നുവെന്നും എന്നാലിത് 50 ആക്കി കുറയ്ക്കാന്‍ തീരുമാനിച്ചുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ദീപാവലി ആഘോഷ വേളയില്‍ പലരും മുഖാവരണം ധരിക്കുകയോ ഷോപ്പിംഗ് നടത്തുമ്പോള്‍ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ലെന്നും അരവിന്ദ് കെജ്‌രിവാള്‍ നിരീക്ഷിച്ചു. നേരത്തെ ദേശീയ തലസ്ഥാനത്ത് കോവിഡിന്റെ മൂന്നാംഘട്ട വ്യാപനമാണെങ്കിലും ഡല്‍ഹിയില്‍ വീണ്ടും ലാക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയില്ലെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പരാമര്‍ശം.
തിങ്കളാഴ്ച 3797 കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ദേശീയ തലസ്ഥാന പ്രദേശത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4.89 ലക്ഷം കടന്നു. 99 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ഡല്‍ഹിയിലെ ആകെ കോവിഡ് മരണങ്ങള്‍ 7713 ആയി.
Content Highlights: Delhi Markets May Shut Soon as Kejriwal Sends Relock Proposal to Centre Amid Surging Virus Cases
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..