ന്യൂഡല്‍ഹി: കേസ് തീര്‍പ്പാകുന്നത് വൈകുന്നതില്‍ ബോളിവുഡ് സ്‌റ്റൈലില്‍ കോടതിയില്‍ പ്രതിഷേധിച്ച് യുവാവ്. ഡല്‍ഹി ശാസ്ത്രിനഗര്‍ സ്വദേശിയായ രാകേഷ് എന്ന യുവാവാണ് ഹിന്ദി സിനിമാ ഡയലോഗ് പറയുകയും പിന്നാലെ ജഡ്ജിയുടെ ഡയസ് ഉള്‍പ്പെടെ അടിച്ചുതകര്‍ക്കുകയും ചെയ്തത്.  കഡ്കഡ് ഡൂമ കോടതി സമുച്ചയത്തിലെ 66-ാം നമ്പര്‍ കോടതി മുറിയില്‍ ജൂലായ് 17-നാണ് സിനിമാ സ്‌റ്റൈല്‍ പ്രതിഷേധം അരങ്ങേറിയത്. 

'ദാമിനി' എന്ന ഹിന്ദി സിനിമയില്‍ സണ്ണി ഡിയോള്‍ വാദത്തിനിടെ പറയുന്ന 'താരിഖ് പര്‍ താരിഖ്'(ഒരു തിയതിക്കു പിന്നാലെ മറ്റൊരു തിയതി- വാദം ഒരു തിയതിയില്‍നിന്ന് മറ്റൊരു തിയതിയിലേക്ക് മാറ്റുന്നതില്‍  പ്രതിഷേധിച്ചാണ് സണ്ണി ഡിയോള്‍ ഈ ഡയോലോഗ് പറയുന്നത്) എന്ന പ്രശസ്തമായ ഡയലോഗിനു ശേഷമായിരുന്നു രാകേഷ് കോടതിമുറിയിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തത്. ഋഷി കപൂറും മീനാക്ഷി ശേഷാദ്രിയും പ്രധാനവേഷങ്ങളില്‍ അഭിനയിച്ച 'ദാമിനി'യില്‍, അഭിഭാഷകന്റെ റോളിലാണ് സണ്ണി ഡിയോള്‍ എത്തിയത്. 

തീര്‍പ്പാകാതെ കിടക്കുന്ന ഒരു കേസുമായി ബന്ധപ്പെട്ട് 2016 മുതല്‍ രാകേഷ് കോടതിയില്‍ എത്തുന്നുണ്ട്. ഇത്തരത്തില്‍ ജൂലായ് 17-ന് കോടതിയില്‍ എത്തിയ രാകേഷ്, വാദംകേള്‍ക്കലിനിടെ പ്രകോപിതനാവുകയും ഉപകരണങ്ങളും കമ്പ്യൂട്ടറുകളും നശിപ്പിക്കുകയുമായിരുന്നു. ജഡ്ജിയുടെ ഡയസും രാകേഷ് തകര്‍ത്തെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. 

ബഹളത്തിനും അക്രമത്തിനും പിന്നാലെ രാകേഷിനെ പോലീസ് അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ഷാദാരയിലെ ഫര്‍ഷ് ബസാര്‍ സ്റ്റേഷിനിലാണ് രാകേഷിന് എതിരായ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

content highlights: delhi man shouts tareekh par tareekh, breaks furniture at court room