ന്യൂഡല്‍ഹി: ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് കൊറോണ വൈറസ് ബാധ തടയുന്നതിനായുള്ള മരുന്നെന്ന വ്യാജേന ഹോംഹാര്‍ഡിനും കുടുംബത്തിനും സ്ത്രീകളെ ഉപയോഗിച്ച് വിഷം നല്‍കിയയാള്‍ അറസ്റ്റില്‍. മരുന്ന് നല്‍കാനായി ഇയാള്‍ രണ്ട് സ്ത്രീകളെ വാടകയ്ക്ക് എടുക്കുകയും ഹോം ഗാര്‍ഡായി പ്രവര്‍ത്തിക്കുന്നയാളുടെ വീട്ടിലേക്ക് ആരോഗ്യപ്രവര്‍ത്തകര്‍ എന്ന വ്യാജേന അയക്കുകയുമായിരുന്നു.

വടക്കന്‍ ദില്ലിയിലെ അലിപൂര്‍ പ്രദേശത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം. സംഭവത്തില്‍ പ്രദീപ് (42) എന്നയാള്‍ അറസ്റ്റിലായി. ഹോം ഗാര്‍ഡനോട് പ്രതികാരം ചെയ്യാനാണ് പ്രദീപ് സ്ത്രീകളെ വാടകയ്ക്ക് എടുത്തതെന്ന് പോലീസ് പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരാണെന്ന് പറഞ്ഞാണ് സ്ത്രീകള്‍ ഹോംഗാര്‍ഡിന്റെ വീട്ടില്‍ എത്തിയത്. അണുബാധ തടയാനുള്ള മരുന്നാണിതെന്ന് സ്ത്രീകള്‍ കുടുംബാംഗങ്ങളോട് പറഞ്ഞു. സുരക്ഷിതരായിരിക്കാന്‍ ഇത് കഴിക്കണമെന്നും ഉപദേശിച്ചു. തുടര്‍ന്ന് സ്ത്രീകള്‍ കുടുംബത്തിന് ദ്രാവക രൂപത്തിലുള്ള ഒന്ന് കഴിക്കാനായി കൊടുത്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇത് കഴിച്ച കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി വഷളായി. ഇവരെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് രണ്ട് സ്ത്രീകളെ പോലീസ് തിരിച്ചറിഞ്ഞത്. ഇവരാണ് പ്രദീപിനെ കുറിച്ച് വിവരം നല്‍കിയത്. 

വൈകാതെ പോലീസ് പ്രദീപിനെ അറസ്റ്റ് ചെയ്തു. ഇയാളുമായി ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രദീപ് സംശയിച്ചിരുന്നു. ഇതിന് പ്രതികാരം ചെയ്യാനായി പ്രദീപ് സ്ത്രീകള്‍ക്ക് പണം നല്‍കി കുടുംബത്തിന് വിഷം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Content Highlights: Delhi man hatches 'corona warrior' plan in vain to eliminate wife's 'lover'