ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് 39 പുതിയ കോവിഡ് കേസുകള്‍ മാത്രം. ഒരു കോവിഡ് മരണം മാത്രമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സയിലുള്ളവര്‍ 498 പേരായി കുറഞ്ഞതായും സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കണക്കുകള്‍ പറയുന്നു. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.08 ശതമാനമാണ്. 

രണ്ടാം തരംഗത്തില്‍ ഡല്‍ഹിയില്‍ വലിയ തോതില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നിരുന്നു. ഏപ്രില്‍ 20ന് 28,395 കേസുകളാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. കോവിഡ് വ്യാപനം ആരംഭിച്ചതിനുശേഷമുള്ള ഡല്‍ഹിയിലെ ഏറ്റവും വലിയ പ്രതിദിന കോവിഡ് കണക്കായിരുന്നു അത്. ഏപ്രില്‍ 26 നാണ് ഡല്‍ഹിയില്‍ ഏറ്റവും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്- 36.24 ശതമാനം. 

ഇന്നലെ 66 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മരണം ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇത് അഞ്ചാമത്തെ തവണയാണ് ദേശീയ തലസ്ഥാനത്ത് ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത്. ഇതിനുമുമ്പ് ഓഗസ്റ്റ് രണ്ട്, നാല്, ജൂലൈ 18, 24 തീയതികളിലും കോവിഡ് മൂലമുള്ള മരണമൊന്നും ഉണ്ടായിരുന്നില്ല.

ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് 14,36,800 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. 25,067 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 14,11,235 പേര്‍ ഇതുവരെ രോഗമുക്തരായി. മരണനിരക്ക് 1.74 ശതമാനമാണ്.

Content Highlights: Delhi logs 39 new Covid-19 infections, lowest active cases this year