മനീഷ് സിസോദിയ (ഫയൽ ചിത്രം) ഫോട്ടോ: പിടിഐ
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 20 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. സിസോദിയയുടെ ജാമ്യഹര്‍ജി ഈമാസം 10-ന് കോടതി പരിഗണിക്കും.
ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയയെ റോസ് അവന്യൂ ജില്ലാ കോടതിയാണ് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. സ്‌പെഷ്യല്‍ ജഡ്ജ് എം.കെ. നാഗ്പാലിന് മുമ്പാകെയാണ് സിസോദിയയെ ഹാജരാക്കിയത്. നിലവില്‍ സി.ബി.ഐ. റിമാന്‍ഡ് ആവശ്യമില്ലെന്നും എന്നാല്‍ അടുത്ത 15 ദിവസത്തില്‍ തങ്ങള്‍ ആവശ്യപ്പെട്ടാക്കാമെന്നും സി.ബി.ഐ. അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വാറന്റ് നല്‍കിയിരുന്നു. പരിശോധനകള്‍ നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും കോടതിയെ അറിയിക്കുന്നുണ്ട്. എന്നിട്ടും സി.ബി.ഐ. നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് പ്രതിഭാഗം പറയുന്നതെന്ന് സി.ബി.ഐ. കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടെന്ന് പ്രതിഭാഗത്തിന് തോന്നുകയാണെന്ന് അവര്‍ക്ക് അത് ചൂണ്ടിക്കാട്ടാമെന്ന് കോടതി വ്യക്തമാക്കി.
സി.ബി.ഐ. കസ്റ്റഡി അവസാനിച്ചതോടെയാണ് സിസോദിയയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെ സിസോദിയയെ ജയിലിലേക്ക് മാറ്റും. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലുകള്‍ക്ക് വിധേയനാക്കുക വഴി തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് മനീഷ് സിസോദിയ കോടതിയില്‍ പറഞ്ഞിരുന്നു. സിസോദിയയുടെ ആവശ്യപ്രകാരം ഒരു ജോഡി കണ്ണടകളും ഡയറിയും പേനയും ഭഗവദ്ഗീതയും ജയിലിലേക്ക് കൊണ്ടുപോകാന്‍ കോടതി അനുവദിച്ചു. സി.ബി.ഐ. നടത്തിയ വൈദ്യപരിശോധനയ്ക്കിടെ നിര്‍ദ്ദേശിച്ച മരുന്നുകള്‍ ജയിലിലേക്ക് കൊണ്ടുപോകാനും അനുവാദം നല്‍കി. സിസോദിയയുടെ ആവശ്യപ്രകാരം വിപാസന സെല്ലില്‍ പാര്‍പ്പിക്കുന്നത് പരിഗണിക്കാന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചു.
Content Highlights: Delhi liquor policy case manish sisodia to jail judicial custody
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..