ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ കിട്ടാതെ ഡല്‍ഹിയില്‍ മരിച്ചവരുടെ എണ്ണമെടുക്കാനും അവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുന്നതിനുമായി ഒരു സമിതി രൂപീകരിക്കാനുള്ള കെജ്‌രിവാള്‍ സര്‍ക്കാരിന്റെ നിര്‍ദേശം ലഫ്റ്റനന്റ്‌ ഗവര്‍ണര്‍ തള്ളി. 

ഇത് രണ്ടാം തവണയാണ് ഡല്‍ഹി ലഫ്‌. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ സമാനമായ നിര്‍ദേശം നിരസിക്കുന്നത്. ഡല്‍ഹിയിലെ രണ്ടു ആശുപത്രികളിലുണ്ടായ 40 ഓളം മരണങ്ങള്‍ അന്വേഷിക്കാനുള്ള അനുമതി ജൂണില്‍ അനില്‍ ബൈജാല്‍ നിരസിച്ചിരുന്നു.

'ഞങ്ങള്‍ ഗവര്‍ണര്‍ക്ക് ഫയലുകള്‍ അയച്ചു. ഓക്‌സിജന്റെ അഭാവംമൂലം മരിച്ചവരെ സംബന്ധിച്ച് അന്വേഷണത്തിന് അദ്ദേഹം വീണ്ടും അനുമതി നിഷേധിച്ചു' ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. അത്തരമൊരു സമതിയുടേയും ആവശ്യമില്ലെന്ന് ലഫ്‌. ഗവര്‍ണര്‍ പറഞ്ഞതായും സിസോദിയ വ്യക്തമാക്കി.

കേന്ദ്രത്തിന്റെ പിടിപ്പുകേടാണ് രണ്ടാംതരംഗം ഡല്‍ഹിയെ വഷളാക്കിയത്. ഓക്‌സിജനായി ആശുപത്രികള്‍ നെട്ടോട്ടമോടുകയും രോഗികളേയും കൊണ്ട് ബന്ധുക്കള്‍ ഡല്‍ഹിക്ക് പുറത്തേക്ക് പോകേണ്ടി വന്നെന്നും സിസോദിയ പറഞ്ഞു.

അതേ സമയം ഓക്സിജന്റെ അഭാവംമൂലം രാജ്യത്ത് ഒരു മരണംപോലും നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ദിവസങ്ങള്‍ക്ക് മുമ്പ് രാജ്യസഭയില്‍ പറഞ്ഞത്. ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.