
കർഷക മാർച്ച് തടയുന്നതിനായി പോലീസ് സേനയുടെ തയ്യാറെടുപ്പ് | Photo:PTI
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രക്ഷേഭവുമായി ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, രാജസ്ഥാന്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകരാണ് ഇന്നും നാളെയുമായി ഡല്‍ഹിയിലേക്ക് മാര്‍ച്ച് നത്തുന്നത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷക റാലിക്ക് ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങി ഡല്‍ഹി അതിര്‍ത്തികളില്‍ വന്‍ സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കര്‍ഷക റാലിയുടെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിര്‍ത്തികളില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. എട്ട് കമ്പനി അര്‍ദ്ധസൈനികരുടെ സേനയും അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി മെട്രോ സര്‍വീസുകള്‍ കുറച്ചു. എല്ലാ കര്‍ഷക സംഘടനകളില്‍ നിന്ന് ലഭിച്ച അപേക്ഷകളും നിരസിച്ചുവെന്നും കോവിഡ് പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ആളുകള്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാനായി എല്ലാവരും ഡല്‍ഹി പോലീസുമായി സഹകരിക്കണമെന്നും പോലീസ് ട്വീറ്റ് ചെയ്തിരുന്നു.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഉത്തരവ് പ്രകാരം പഞ്ചാബുമായുളള അതിര്‍ത്തി ഹരിയാണ അടച്ചിട്ടിരിക്കുകയാണ്. ബാരിക്കേഡുകള്‍, ജലപീരങ്കികള്‍ തുടങ്ങി സര്‍വസന്നാഹങ്ങളും കര്‍ഷക റാലി തടയുന്നതിനായി സജ്ജമാക്കിയിട്ടുണ്ട്. ആള്‍ക്കൂട്ടം നിരോധിച്ചുകൊണ്ടുളള ഉത്തരവ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തി. കര്‍ഷക റാലിയുടെ പശ്ചാത്തലത്തില്‍ ഹരിയാണ രണ്ടുദിവസത്തേക്ക് പഞ്ചാബിലേക്കുളള ബസ് സര്‍വീസും നിര്‍ത്തിവെച്ചു.
ഹരിയാണ അതിര്‍ത്തിയില്‍ കഴിഞ്ഞ രാത്രി തന്നെ തമ്പടിച്ച കര്‍ഷകര്‍ അതിര്‍ത്തി കടക്കാന്‍ തങ്ങളെ അനുവദിച്ചില്ലെങ്കില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രണ്ടുലക്ഷത്തോളം കര്‍ഷകര്‍ ഹരിയാണയിലേക്ക് പ്രവേശിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന് അവകാശപ്പെട്ടു.
മാര്‍ച്ചിനായി പുറപ്പെട്ട കര്‍ഷകര്‍ തടിയും പച്ചക്കറിയും റേഷനും പുതപ്പും ഉള്‍പ്പടെയുള്ളവ കരുതിയിട്ടുണ്ട്. കാര്യങ്ങള്‍ തീരുമാകുന്നത് വരെ മടങ്ങിപ്പോക്കില്ലെന്ന് ബികെയു ജനറല്‍ സെക്രട്ടരി സുഖ്ദേവ് സിങ് പറഞ്ഞു. സ്വന്തം നാട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്ന കര്‍ഷകരെ തടയുന്നതില്‍ കഴിഞ്ഞ ദിവസം ഹരിയാണ പരാജയപ്പെട്ടിരുന്നു.
മധ്യപ്രദേശില്‍ നിന്നുളള കര്‍ഷകര്‍ക്ക് നേതൃത്വം നല്‍കുന്നത് ആക്ടിവിസ്റ്റായ മേധാപട്കറാണ്. ആഗ്രയ്ക്ക് സമീപം വെച്ച് ഉത്തര്‍പ്രദേശ് അധികൃതര്‍ ഇവരെ തടഞ്ഞു. മേധാ പട്കറെ അറസ്റ്റ് ചെയ്തു.
ഡിസംബര്‍ മൂന്നിന് രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് കേന്ദ്രം കര്‍ഷകരെ ക്ഷണിച്ചിട്ടുണ്ട്. അഞ്ഞൂറോളം കര്‍ഷക സംഘടനകളുടെ പിന്തുണയോടെയാണ് പ്രതിഷേധം നടത്തുന്നത്.
Content Highlights:Delhi is undertaking its security arrangements, deploying forces at the borders
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..