ന്യൂഡല്‍ഹി: ആവശ്യപ്പെട്ടതിലും അധികം മുടിമുറിച്ചത് കരിയറില്‍ അവസരങ്ങള്‍ നഷ്ടമാകാന്‍ ഇടയാക്കിയെന്ന പരാതിയില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ വിധി. മുടി വെട്ടിനശിപ്പിച്ചെന്ന് ആരോപിച്ച് ആഡംബര ഹോട്ടല്‍ ശൃംഖലയ്‌ക്കെതിരെ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ച യുവതിക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിവന്നത്‌.

കമ്മീഷന്‍ അധ്യക്ഷന്‍ ആര്‍.കെ. അഗര്‍വാള്‍, അംഗം ഡോ. എസ്.എം. കാന്തികാര്‍ എന്നിവരാണ് യുവതിക്ക് രണ്ടുകോടിരൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹോട്ടല്‍ ശൃംഖലയ്ക്ക് നിര്‍ദേശം നല്‍കിയത്. നിരവധി കേശോല്‍പ്പന്നങ്ങളുടെ മോഡലായിരുന്നു പരാതിക്കാരി. വി.എല്‍.സി.സി., പാന്റീന്‍ തുടങ്ങിയവയ്ക്കു വേണ്ടി ഇവര്‍ മോഡലായിട്ടുണ്ട്. 

2018-ലാണ് പരാതിക്ക് കാരണമായ സംഭവം നടക്കുന്നത്. 2018 ഏപ്രില്‍ പന്ത്രണ്ടിന് മുടിമുറിക്കുന്നതിന് വേണ്ടി ഹോട്ടലിന്റെ സലൂണിലെത്തി. ഒരാഴ്ചയ്ക്കു ശേഷമുള്ള ഒരു അഭിമുഖത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് മുടിയുടെ നീളം കുറയ്ക്കാനും മറ്റും യുവതി തീരുമാനിച്ചത്. മുന്‍പും ഈ സലൂണില്‍ യുവതി വന്നിട്ടുണ്ട്. ആ സമയങ്ങളില്‍ മുടിമുറിച്ചു നല്‍കിയിട്ടുള്ളയാളെ യുവതി തിരക്കി. എന്നാല്‍ ആ ആള്‍ അന്ന് സലൂണിലുണ്ടായിരുന്നില്ല. തുടര്‍ന്ന് മറ്റൊരു ജീവനക്കാരി യുവതിയുടെ മുടി മുറിക്കാനെത്തി. മുന്‍പ് ഈ ജീവനക്കാരിയുടെ സേവനത്തില്‍ യുവതി തൃപ്തയായിരുന്നില്ല. അക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ ജീവനക്കാരി ജോലിയില്‍ മെച്ചപ്പെട്ടുവെന്ന് പറഞ്ഞ് സലൂണ്‍ മാനേജര്‍ യുവതിക്ക് ഉറപ്പു നല്‍കി. തുടര്‍ന്ന് മുടി മുറിക്കാന്‍ ജീവനക്കാരിക്ക് യുവതി അനുമതി നല്‍കി. 

ഏത് രീതിയില്‍ വേണം മുടിമുറിക്കാനെന്ന് യുവതി ജീവനക്കാരിക്ക് കൃത്യമായി നിര്‍ദേശം നല്‍കിയിരുന്നു. മാത്രമല്ല, നാലിഞ്ച് മുടി വെട്ടാനും പറഞ്ഞു. എന്നാല്‍ യുവതി പറഞ്ഞുകൊടുത്തതിന് വിപരീതമായി വെറും നാലിഞ്ച് മാത്രം ബാക്കിവെച്ച് ജീവനക്കാരി യുവതിയുടെ മുടി മുറിക്കുകയായിരുന്നു. ഇതോടെ കഷ്ടിച്ച് തോളൊപ്പമായി യുവതിയുടെ മുടിയുടെ നീളം. മുടി മുറിച്ചതിലെ അപാകതയെ കുറിച്ച് സലൂണ്‍ മാനേജരോടു യുവതി പരാതി പറഞ്ഞു. എന്നാല്‍ ജീവനക്കാരിക്കെതിരെ അവര്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ല. തുടര്‍ന്ന് ഏപ്രില്‍ 13-ന് സലൂണിന്റെ ജനറല്‍ മാനേജര്‍ക്ക് യുവതി പരാതി നല്‍കി. എന്നാല്‍ മാനേജര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും സലൂണിനെതിരെ എന്തുവേണമെങ്കിലും ചെയ്‌തോ എന്നു പറഞ്ഞതായും യുവതി ഉപഭോക്തൃ കമ്മീഷന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. 

അതേസമയം, സലൂണില്‍നിന്ന് മുടി മുറിക്കലും ഹെയര്‍ ട്രീറ്റ്‌മെന്റും യുവതിക്ക് സൗജന്യമായാണ് ചെയ്തു നല്‍കിയിരുന്നതെന്നും അതിനാല്‍ ഉപഭോക്തൃനിയമത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു  പരാതിയെ എതിര്‍ത്തുകൊണ്ടുള്ള ഹോട്ടലിന്റെ വാദം. മാത്രമല്ല, യുവതി ആവശ്യപ്പെട്ട നഷ്ടപരിഹാരം അടിസ്ഥാനമില്ലാത്തതാണെന്നും ഹോട്ടല്‍ പറഞ്ഞു. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് പ്രതീക്ഷിച്ചിരുന്ന അവസരങ്ങള്‍ യുവതിക്ക് കൈവിട്ടുപോയെന്നും വന്‍നഷ്ടം സംഭവിച്ചുവെന്നും അതവരുടെ ജീവിതശൈലി അപ്പാടെ മാറ്റുന്നതിലേക്കും ടോപ് മോഡലാവുക എന്ന സ്വപ്‌നം നശിപ്പിക്കുന്നതിനും കാരണമായെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. 

മോഡലിങ്ങിനൊപ്പം സീനിയര്‍ മാനേജ്‌മെന്റ് പ്രൊഫഷണലായും ജോലി ചെയ്തുവരികയായിരുന്നു പരാതിക്കാരി. മുടിമുറിച്ച സംഭവം പരാതിക്കാരിയെ മാനസിക സമ്മര്‍ദ്ദത്തിലേക്കും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കും തള്ളിവിട്ടെന്നും ഒടുവില്‍ അവര്‍ക്ക് ജോലി നഷ്ടമാവുകയും ചെയ്തതായും കമ്മീഷന്‍ കണ്ടെത്തി.

content highlights: delhi hotel to pay two crore for bad haircut