Image|PTI
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എല്ലാ പ്രമുഖ ആശുപത്രികളും ലഭ്യമായ കിടക്കകളുടെ എണ്ണവും മുറി വാടകയും പ്രവേശനകവാടത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഉത്തരവ്. ആശുപത്രികള്‍ പ്രദര്‍ശിപ്പിക്കുന്ന കണക്കുകളും സര്‍ക്കാര്‍ പോര്‍ട്ടലില്‍ ഉള്ള വിവരവും ഒന്നാണെന്ന് ഉറപ്പിക്കണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രി സംവിധാനത്തില്‍ സുതാര്യത ഉറപ്പാക്കാനാണ് നടപടി.
പ്രധാനപ്പെട്ട എല്ലാ ആശുപത്രികളും ക്ലിനിക്കുകളും നേഴ്സിങ് ഹോമുകളും പ്രവേശനകവാടത്തില്‍ തന്നെ ലഭ്യമായ കിടക്കകളുടെ എണ്ണം, റൂം വാടക, ആശുപത്രി പ്രവേശനത്തിനായി ബന്ധപ്പെടേണ്ട ആളുടെ വിവരങ്ങള്‍ എല്‍ഇഡി ബോര്‍ഡില്‍ വലിയ അക്ഷരത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദേശം.
ആശുപത്രികളിലെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി ദുരന്തനിവാരണസേന അധികൃതര്‍ മിന്നല്‍ പരിശോധന നടത്തുമെന്നും ഉത്തരവ് സൂചിപ്പിക്കുന്നു.
ഡല്‍ഹിയില്‍ രോഗികള്‍ക്ക് ചികിത്സ വൈകുന്നു, അമിത ചാര്‍ജ് ഈടാക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഡല്‍ഹിക്കാര്‍ക്ക് മാത്രമേ സംസ്ഥാന ആശുപത്രികളില്‍ കോവിഡ് ചികിത്സ നല്‍കുകയുള്ളൂ എന്ന മുഖ്യമന്ത്രി കെജ്രിവാളിന്റെ പ്രഖ്യാപനവും വിമര്‍ശനമുയര്‍ത്തി. എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ലഫ്. ഗവര്‍ണര്‍ മറ്റൊരു ഉത്തരവ് പുറത്തുവിട്ടു. രോഗികളായ എല്ലാവര്ക്കും ചികിത്സ ഉറപ്പാക്കണമെന്നും ബെഡ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇതിനായി സജ്ജീകരിക്കണമെന്നും ലഫ്. ഗവര്‍ണര്‍ നിര്‍ദേശിച്ചു.
Content Highlights: Delhi hospitals to display number of beds, room charges, orders Lt Guv Baijal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..