ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി. ഡല്‍ഹി ഹൈക്കോടതിയാണ് ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
ഇതേ കേസില്‍ മകന്‍ കാര്‍ത്തി ചിദംബരത്തെ ഫെബ്രുവരി 28 ന് സി.ബി.ഐ അറസ്റ്റുചെയ്തിരുന്നു. കാര്‍ത്തിക്ക് പിന്നീട് ജാമ്യം അനുവദിച്ചു. ഇന്ത്യയിലും വിദേശത്തുമായി കാര്‍ത്തിയുടെ 54 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തു.
ചിദംബരം ധനമന്ത്രിയായിരിക്കെ 2007ല്‍ ഐ.എന്‍.എക്സ്. മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം.
ചിദംബരത്തിനും കാര്‍ത്തിക്കും പുറമേ ഐ.എന്‍.എക്സ്. മീഡിയ, അതിന്റെ ഡയറക്ടര്‍മാരായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ക്കെതിരേയും സി.ബി.ഐ. അന്വേഷണം നടത്തുന്നുണ്ട്.
എയര്‍സെല്‍-മാക്സിസ് കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്. ചിദംബരം ധനമന്ത്രിയായിരിക്കെ 3500 കോടിയുടെ ഇടപാടില്‍ മാക്സിസിന്റെ മൗറീഷ്യസിലുള്ള ഉപകമ്പനിയായ ഗ്ലോബല്‍ കമ്യൂണിക്കേഷന്‍ സര്‍വീസസ് ഹോള്‍ഡിങ്സിന് വിദേശ നിക്ഷേപപ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഈ കേസ്. ഈ കേസില്‍ ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു.
content highlights: Delhi High Court dismisses both anticipatory bail pleas of P Chidambaram INX Media case