ന്യൂഡല്‍ഹി: ശശി തരൂരിന്റെ പരാതിയില്‍ റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണബിന്റെ ചാനല്‍ തനിക്കെതിരേ നല്‍കുന്ന അപകീര്‍ത്തികരമായ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ച് തരൂര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നോട്ടീസ്. 

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ തരൂരിനെതിരേ ടിവി ചാനലിലൂടെ അര്‍ണബ് നടത്തുന്ന അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ കര്‍ശനമായി ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ക്രിമിനല്‍ കേസുകളില്‍ സമാന്തര മാധ്യമ വിചാരണ നടത്തുന്നതില്‍നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അന്വേഷണം പുരോഗമിക്കുന്ന ക്രിമിനല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ അതീവ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണം. കേസന്വേഷണത്തിന്റെയും തെളിവുകളുടെയും പവിത്രത മനസിലാക്കുകയും മാനിക്കപ്പെടുകയും വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. 

സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന്‌ കുറ്റപത്രത്തില്‍ പറയുന്നില്ല. എന്നാല്‍ അര്‍ണബ് ചാനല്‍ പരിപാടികളിലൂടെ മരണം കൊലപാതകമാണെന്ന്‌ ഒരു സംശവുമില്ലെന്നാണ് വാദിക്കുന്നതെന്നും തരൂരിനായ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ മാധ്യമ വിചാരണ പാടില്ലെന്ന് 2017-ല്‍ കോടതി നിര്‍ദേശിച്ചിട്ടും അര്‍ണബ് തരൂരിനെതിരേ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കുന്നത് തുടരുകയാണെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാണിച്ചു.

കേസുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ മാധ്യമ വിചാരണ പാടില്ലെന്ന കോടതി നിര്‍ദേശം പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയിലേക്ക് നീങ്ങുമെന്നും അര്‍ണബിന്റെ അഭിഭാഷകന് കോടതി മുന്നറിയിപ്പ് നല്‍കി.

content highlights: Delhi HC Directs Arnab Goswami To Exercise Restraint In Tharoor's Plea Seeking Injunction Against Defamatory Broadcasting