ന്യൂഡൽഹി: ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങൾ കാണിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഈ സംസ്ഥാനങ്ങളിൽ ഒരുമാസത്തോളം പ്രതിദിന കോവിഡ് കേസുകൾ റെക്കോർഡ് വർധവിലെത്തിയതിന് ശേഷമാണ് രോഗവ്യാപനം കുറയുന്നത്. അതേസമയം ഇക്കാര്യം വിലയിരുത്തുന്നതിനുള്ള പ്രാരംഭഘട്ടം മാത്രമാണിതെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.

രാജ്യത്തെ രോഗമുക്തി നിരക്കിലും പ്രതീക്ഷാവഹമായ പുരോഗതിയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. ഞായറാഴ്ച 78 ശതമാനമായിരുന്ന രോഗമുക്തി നിരക്ക് തിങ്കളാഴ്ച 82 ശതമാനമായി ഉയർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കോവിഡ് കേസുകൾ ഉയരുന്ന കേരളം, ആന്ധ്രാപ്രദേശ്, അസം, ബിഹാർ, ഹരിയാന, കർണാടക എന്നീ സംസ്ഥാനങ്ങളിലെ സാഹചര്യത്തിൽ ആരോഗ്യമന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. രോഗവ്യാപനം പിടിച്ചുനിർത്താൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

തിങ്കളാഴ്ച രാജ്യത്തെ പ്രതിദിനകോവിഡ് കേസുകളിൽ ചെറിയ കുറവുണ്ടായിരുന്നു. 24 മണിക്കൂറിനിടെ 3.68 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3417 പേർ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തുടനീളം 2,18,959 പേരുടെ ജീവനാണ് ഇതുവരെ കോവിഡ് കവർന്നത്.

content highlights:Delhi Gujarat Maharashtra showing signs of plateauing in daily Covid cases Health ministry