ന്യൂഡൽഹി: ഡൽഹി സർക്കാർ റേഷൻ മാഫിയയുടെ നിയന്ത്രണത്തിലാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. കേന്ദ്ര സർക്കാരിന്റെ ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതിയെ എതിർക്കുന്നത് എന്തുകൊണ്ടാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വിശദീകരിക്കണമെന്നും രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.

കോവിഡ് കാലത്ത് ഡൽഹിയിലെ ജനങ്ങൾക്ക് ഓക്സിജൻ നൽകുന്നതിൽ പോലും പരാജയപ്പെട്ട സർക്കാരാണ് വാതിൽപ്പടി റേഷനെ കുറിച്ച് സംസാരിക്കുന്നതെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. വാതിൽപ്പടി റേഷൻ പദ്ധതിക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് രവിശങ്കർ പ്രസാദിന്റെ വിമർശനം.

രാജ്യത്തെ 34 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഡൽഹി, പശ്ചിമ ബംഗാൾ, അസം എന്നീ മൂന്ന് സംസ്ഥാനങ്ങൾ മാത്രമാണ് പദ്ധതി നടപ്പാക്കാത്തത്. ഡൽഹിയിൽ ഇതു നടപ്പാക്കാത്തതിന്റെ കാരണം കെജ്‌രിവാൾ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാതിൽപ്പടി റേഷൻ പദ്ധതി റേഷൻ മാഫിയയുടെ പ്രവർത്തനം അവസാനിപ്പിക്കുമെന്നാണ് നേരത്തെ കെജ്‌രിവാൾ വ്യക്തമാക്കിയിരുന്നത്. 70 ലക്ഷം ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതിക്ക് രാജ്യതാത്‌പര്യം കണക്കിലെടുത്ത് അനുമതി നൽകണമെന്നും കെജ്‌രിവാൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പദ്ധതിയിൽ കേന്ദ്രം നിർദേശിക്കുന്ന മാറ്റങ്ങൾ വരുത്താമെന്നും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.

content highlights: Delhi govt under control of ration mafia, says Union Minister Ravi Shankar Prasad