ന്യൂഡല്‍ഹി: പെട്രോളിന്റെ മൂല്യവര്‍ധിത നികുതി (വാറ്റ്) 30 ശതമാനത്തില്‍ നിന്ന് 19.40 ശതമാനമാക്കാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പെട്രോളിന് ലിറ്ററിന് എട്ട് രൂപ കുറയും. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ കുറച്ച നിരക്ക് പ്രാബല്യത്തില്‍ വരും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പെട്രോളിന്റെ മൂല്യവര്‍ധിത നികുതി കുറയ്ക്കാന്‍ തീരുമാനിച്ചത്.

ഡല്‍ഹിയില്‍ നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 103.97 രൂപയാണ് വില. ഇത് ബുധനാഴ്ച അര്‍ധരാത്രിയോടെ 95 രൂപയിലേക്കെത്തും. കഴിഞ്ഞ വര്‍ഷമാണ് ഡല്‍ഹി സര്‍ക്കാര്‍ പെട്രോളിന്റെ വാറ്റ് 30 ശതമാനമായി ഉയര്‍ത്തിയത്. ഡീസലിന്റെ വാറ്റ് 16.75 ശതമാനമായും ഉയര്‍ത്തിയിരുന്നു. 2014-ന് ശേഷം ഡല്‍ഹിയില്‍ ഇന്ധന മൂല്യവര്‍ധിത നികുതി ആറ് മടങ്ങയിട്ടാണ് വര്‍ധിച്ചിരുന്നത്.

പെട്രോളിന് അഞ്ചും ഡീസലിന് പത്ത് രൂപയും വീതം കഴിഞ്ഞ മാസം എക്‌സൈസ് ഡ്യൂട്ടിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. പിന്നാലെ നിരവധി സംസ്ഥാന സര്‍ക്കാരുകളും മൂല്യവര്‍ധിത നികുതിയില്‍ ഇളവ് നല്‍കുകയുണ്ടായി. കേരളത്തില്‍ വാറ്റ് കുറച്ചിരുന്നില്ല.