ന്യൂഡല്‍ഹി: സാമൂഹിക അകലം പാലിച്ചുകൊണ്ട് മദ്യവില്‍പന നടത്തുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ ഇതുവരെ വിതരണം ചെയ്തത് 4.75 ലക്ഷം ഇ-ടോക്കണുകള്‍. ലോക്ക്ഡൗണിനു ശേഷം മദ്യവില്‍പന ശാലകള്‍ തുറന്നതോടെ മദ്യം വാങ്ങുന്നതിനായി വലിയ ജനക്കൂട്ടം രൂപപ്പെടുകയും നിയന്ത്രണങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്തതോടെയാണ് ഡല്‍ഹി സര്‍ക്കാര്‍ ഇ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.

ഇ ടോക്കണ്‍ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് മദ്യം വാങ്ങുന്നതിന് പ്രത്യേക സമയം നിശ്ചയിക്കുകയും ആ സമയത്ത് മാത്രം മദ്യവില്‍പന ശാലയിലെത്തി മദ്യം വാങ്ങുകയും ചെയ്യാം. മദ്യവില്‍പന ശാലകള്‍ക്കു മുന്നില്‍ ദൈര്‍ഘ്യമേറിയ ക്യൂ രൂപപ്പെടുന്നത് ഒഴിവാക്കാനും സാമൂഹ്യ അകലം പാലിച്ചുകൊണ്ട് വില്‍പന നടത്താനും ഇതിലൂടെ സാധിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. 

ഡല്‍ഹി നഗരത്തിലെ 200 മദ്യവില്‍പനശാലകള്‍ക്കാണ് സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച മുതലാണ് ഡല്‍ഹിയില്‍ ഇ ടോക്കണ്‍ സംവിധാനം ആരംഭിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ശനിയാഴ്ച വരെ 4.75 ലക്ഷം ഇ ടോക്കണുകള്‍ നല്‍കിയതായി ഔദ്യോഗിക വക്താവ് പറഞ്ഞു. പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതോടെ മദ്യവില്‍പന ശാലകള്‍ക്കു മുന്നില്‍ വലിയ ക്യൂ ഇല്ലാതെതന്നെ മദ്യം വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

News in pics
മദ്യം വാങ്ങുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ ഇ കൂപ്പണ്‍ ഏര്‍പ്പെടുത്തിയിട്ടും ഡല്‍ഹിയില്‍ മദ്യശാലകള്‍ക്ക് മുന്നില്‍ ഇപ്പോഴും നീണ്ട ക്യൂ തന്നെയാണ്.കൗടില്യമാര്‍ഗില്‍ നിന്നുള്ള ദൃശ്യം. ചിത്രം: പി.ജി.ഉണ്ണികൃഷ്ണന്‍ 

സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക സൈറ്റ് വഴിയാണ് ഇ ടോക്കണുവേണ്ടി അപേക്ഷിക്കേണ്ടത്. ഇതിനായി സൈറ്റ് വഴി പേരും തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങളും നല്‍കി രജിസ്റ്റര്‍ ചെയ്യാം. വില്‍പന ശാലയും തിരഞ്ഞെടുക്കാം. തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ ഇ ടോക്കണ്‍ ലഭിക്കും. ഇതില്‍ മദ്യം വാങ്ങാന്‍ എത്തേണ്ട നിശ്ചിത സമയം സൂചിപ്പിച്ചിട്ടുണ്ടാകും. നിശ്ചയിച്ചിട്ടുള്ള ഒരു മണിക്കൂര്‍ സമയപരിധിക്കുള്ളില്‍ മദ്യവില്‍പന ശാലയിലെത്തി മദ്യം വാങ്ങാം.

അതേസമയം, ടോക്കണ്‍ വഴിയാണ് വില്‍പന നടത്തുന്നതെങ്കിലും പലയിടത്തും ഇ ടോക്കണുമായെത്തുന്നവരുടെ വലിയ ക്യൂ രൂപപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. പലരും നേരത്തെ എത്തി ക്യൂവില്‍ ഇടംപിടിക്കുന്നതും നീണ്ട നിര രൂപപ്പെടാന്‍ ഇടയാക്കുന്നുണ്ട്. 

liquor
ഡല്‍ഹിയിലെ മദ്യവില്‍പനശാലയില്‍നിന്നുള്ള ദൃശ്യം. ചിത്രം: പി.ജി.ഉണ്ണികൃഷ്ണന്‍ 

Content Highlights: Delhi govt issues 4.75 lakh e-tokens to buy liquor