ചണ്ഡീഗഢ്: ഡല്‍ഹി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഹരിയാണ ആരോഗ്യമന്ത്രി അനില്‍ വിജ്. ഡല്‍ഹി വഴി ഹരിയാണയിലെ ഫരീദാബാദിലേക്ക് വരികയായിരുന്ന ഓക്‌സിജന്‍ ടാങ്കറുകളില്‍ ഒന്ന് ഡല്‍ഹി സര്‍ക്കാര്‍ തട്ടിയെടുത്തുവെന്നാണ് വിജിന്റെ ആരോപണം. ഇതിനു പിന്നാലെ ഓക്‌സിജന്‍ സിലിണ്ടറുകളുമായി വരുന്ന വാഹനങ്ങള്‍ക്കെല്ലാം പോലീസ് സുരക്ഷ നല്‍കാനും മന്ത്രി ഉത്തരവിട്ടു.

 ഫരീദാബാദിലേക്ക് പോവുകയായിരുന്ന ഞങ്ങളുടെ ഓക്‌സിജന്‍ ടാങ്കറുകളിലൊന്ന് ഇന്നലെ ഡല്‍ഹി സര്‍ക്കാര്‍ തട്ടിയെടുത്തു. ഇതിനു പിന്നാലെ എല്ലാ ടാങ്കറുകള്‍ക്കും പോലീസ് സുരക്ഷ നല്‍കാന്‍ ഞാന്‍ ഉത്തരവിട്ടിട്ടുണ്ട്- വിജ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഇത്തരം നടപടികളുണ്ടായാല്‍ ആരോഗ്യമേഖല തകരുമെന്നും വിജ് കൂട്ടിച്ചേര്‍ത്തു. 

അതേസമയം വിജിന്റെ ആരോപണങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. കോവിഡ് രണ്ടാംതരംഗം രൂക്ഷമായതിനു പിന്നാലെ ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെ കുറിച്ച് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

content highlights: delhi government looted oxygen tanker alleges haryana minister