ന്യൂഡൽഹി: ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. മെയ് 24 രാവിലെ അഞ്ചുമണി വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഡൽഹിയിൽ കോവിഡ് കേസുകളിൽ കുറവുണ്ടെങ്കിലും മുൻകരുതലെന്നോണം നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാരിന്റെ തീരുമാനം. ഏപ്രിൽ 20-ന് 28,395 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന ഡൽഹിയിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത് 6430 കേസുകൾ മാത്രമാണ്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏപ്രിൽ 22ന് 36 ശതമാനമായിരുന്നുവെങ്കിൽ ഇപ്പോൾ 11 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വളരെപെട്ടെന്നുണ്ടായ കുറവ് വലിയ ആശ്വാസമാണ് ഡൽഹിനിവാസികൾക്ക് നൽകിയിരിക്കുന്നത്.

Content Highlights:Delhi Gov extends lockdown for one more week