ന്യൂഡൽഹി: കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ ട്രാക്ടർ റാലി പോലീസിനെ മറികടന്ന് ചെങ്കോട്ടയിലെത്തിയപ്പോൾ നാടകീയരംഗങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്. ചെങ്കോട്ടയിൽ പ്രവേശിച്ച കർഷകർ അവരുടെ പതാകയും സ്ഥാപിച്ചു.

രാവിലെ മുതൽ ആരംഭിച്ച ട്രാക്ടർ റാലി മുൻനിശ്ചയിച്ച റൂട്ടുകളിൽനിന്ന് വ്യത്യസ്തമായി മറ്റുപലവഴികളിലൂടെയുമാണ് നീങ്ങിയത്. പോലീസ് റാലി തടയാൻ ശ്രമിച്ചതോടെ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. സമരക്കാരെ നേരിടാൻ ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു. ഡൽഹി ഐ.ടി.ഒ.യിലാണ് കർഷകരും പോലീസും തമ്മിൽ കൂടുതൽ സംഘർഷമുണ്ടായത്. എന്നാൽ ഉച്ചയോടെ ട്രാക്ടറുകളുമായി സമരക്കാർ ചെങ്കോട്ടയിലേക്ക് നീങ്ങി. പോലീസിനാണെങ്കിൽ ഇവരെ തടയാനും കഴിഞ്ഞില്ല.

ചെങ്കോട്ടയിൽ പ്രവേശിച്ച നൂറുകണക്കിന് സമരക്കാർ കോട്ടയ്ക്ക് മുകളിൽ കയറി ഉറക്കെ മുദ്രാവാക്യം മുഴക്കി. ഇതിനിടെ സമരക്കാരിൽ ചിലർ ചെങ്കോട്ടയിൽ അവരുടെ പതാകയും നാട്ടി.

ചെങ്കോട്ടയില്‍ കര്‍ഷകരെ ഒഴിപ്പിക്കുന്നതിനുളള നടപടികള്‍ പോലീസ് ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ ഇപ്പോഴും ഇവിടേക്ക് കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

 

 

Content Highlights:delhi farmers tractor rally protesters enters to red fort