ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ചൊവ്വാഴ്ച പത്രിക സമര്‍പ്പിക്കാനാകാതെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പത്രിക സമര്‍പ്പിക്കാന്‍ അസാധാരണമായ വിധത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ നീണ്ട വരി പ്രത്യക്ഷപ്പെട്ടതോടെയാണ് കെജ്‌രിവാളിന് പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട സാഹചര്യമുണ്ടായത്.

അവസാന ദിവസമായ ചൊവ്വാഴ്ച 100 പേരാണ് പത്രിക സമര്‍പ്പിക്കാനായി ഡല്‍ഹി ജാമ്‌നഗര്‍ ഹൗസില്‍ എത്തിയിരിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയവരുടെ ക്യൂ നീണ്ടതോടെ അധികൃതര്‍ ടോക്കണ്‍ ഏര്‍പ്പെടുത്തി. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ഓഫീസിലെത്തിയ എല്ലാവര്‍ക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അവസരമുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഉച്ചയോടെ കെജ്രിവാളിനു മുന്നില്‍ 50ഓളം പേരാണ് ക്യൂവില്‍ ഉള്ളത്. 

'നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനായി കാത്തുനില്‍ക്കുകയാണ്. എന്റെ ടോക്കണ്‍ നമ്പര്‍ 45 ആണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് നിരവധി പേരാണ് ഇന്ന് എത്തിയിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ മുന്നോട്ടുവരുന്നതില്‍ വലിയ സന്തോഷം, കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

കെജ്രിവാള്‍ ക്യൂവില്‍ തുടരുകയാണെന്നും അസാധാരണമായ വിധത്തില്‍ ക്യൂ രൂപപ്പെട്ടതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെന്ന പേരില്‍ ക്യൂവില്‍ ഇടംപിടിച്ചിരിക്കുന്ന മിക്കവരുടെയും കൈയ്യില്‍ പത്രികയോ മറ്റു രേഖകളോ ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. 

പത്രിക നല്‍കാനെത്തിയ കെജ്രിവാളിനെ ഉള്ളില്‍ പ്രവേശിപ്പിക്കില്ലെന്ന് ക്യൂവില്‍ സ്ഥാനംപിടിച്ചിട്ടുള്ള സ്ഥാനാര്‍ഥികളിലൊരാള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കെജ്രിവാളിന് പത്രിക സമര്‍പ്പിക്കണമെങ്കില്‍ വരിനില്‍ക്കേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.

തിങ്കളാഴ്ചയായിരുന്നു കെജ്രിവാള്‍ നാമിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അറിയിച്ചിരുന്നത്. വമ്പിച്ച ജനപങ്കാളിത്തം മൂലം പത്രികാസമര്‍പ്പണത്തിനു മുന്നോടിയായി നടത്തിയ റോഡ് ഷോ നീണ്ടുപോയതോടെ പത്രികാ സമര്‍പ്പണം ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു.

'ഞാന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ റോഡ്ഷോയ്ക്കെത്തിയ പ്രവര്‍ത്തകരെ നിരാശരാക്കി എനിക്കെങ്ങനെ തിരികെ പോകാന്‍ കഴിയും? നാമനിര്‍ദേശ പത്രിക ഞാന്‍ നാളെ സമര്‍പ്പിക്കും.' കെജ്രിവാള്‍ പറഞ്ഞു. 

വാല്‍മീകി മന്ദിറില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു കെജ്രിവാള്‍ റോഡ്ഷോയില്‍ പങ്കെടുത്തത്. പാര്‍ട്ടി ചിഹ്നമായ ചൂലുകള്‍ ഉയര്‍ത്തി പ്രവര്‍ത്തകരും അനുയായികളും അണിനിരന്നതോടെ റോഡ് ഷോ അക്ഷരാര്‍ഥത്തില്‍ ജനസമുദ്രമായി മാറുകയായിരുന്നു.

Content Highlights: delhi assembly election- Kejriwal Waits in Queue to File Nomination as Deadline Looms, AAP Hints at Conspiracy