ന്യൂഡല്‍ഹി: ഡല്‍ഹി-ദെഹ്‌റാദൂണ്‍ അതിവേഗപാത(Expressway)ഇരു നഗരങ്ങള്‍ക്കിടയിലുള്ള യാത്രാസമയം നാല് മണിക്കൂറോളം കുറയ്ക്കുമെന്നും മേഖലയിലെ സാമ്പത്തിക വികസനത്തെ ഊര്‍ജ്ജിതപ്പെടുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍. പാതയിലൂടെയുള്ള വാഹനങ്ങളുടെ കുറഞ്ഞ വേഗത മണിക്കൂറില്‍ 100 കിലോമീറ്ററാവാന്‍ ആവശ്യമായ രീതിയിലാണ് പാതയുടെ രൂപകല്‍പനയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പാത കടന്നു പോകുന്ന പ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ സഞ്ചാരം തടസ്സപ്പെടാതിരിക്കാന്‍ 12 കിലോമീറ്റര്‍ ദൈര്‍ഘ്യത്തോളം പാത ഉയര്‍ത്തി നിര്‍മിക്കും. ഏഷ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വന്യജീവി ഇടനാഴി (wildlife corridor)യായിരിക്കും ഇത്.

നിര്‍മാണമാരംഭിച്ച ഡല്‍ഹി-സഹരണ്‍പുര്‍-ദെഹ്‌റാദൂണ്‍ സാമ്പത്തിക ഇടനാഴി ഇരു നഗരങ്ങള്‍ക്കിടയിലുള്ള അകലം 235 കിലോമീറ്ററില്‍ നിന്ന് 210 കിലോമീറ്ററായി കുറയ്ക്കുമെന്നും സഞ്ചാരസമയം ആറര മണിക്കൂറില്‍ നിന്ന് രണ്ടര മണിക്കൂറായി കുറയുമെന്നും വന്യജീവി സംരക്ഷണത്തിനായി 12 കിലോമീറ്ററോളം പാത ഉയര്‍ത്തി നിര്‍മിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

അതിവേഗ പാതയില്‍ ആകെ 25 കിലോമീറ്ററോളം ദൂരം ഉയര്‍ത്തിയാവും നിര്‍മിക്കുക. ഇതില്‍ ആറ് കിലോമീറ്റര്‍ തുറന്ന പാതയും ബാക്കി തുരങ്കങ്ങളിലൂടെയാവുന്ന വിധത്തിലാവും നിര്‍മാണം. ആറുവരി പാത നിബിഡ വനപ്രദേശങ്ങളിലൂടെ കടന്നുപോകും. സ്ഥലമേറ്റെടുക്കലും പരിസ്ഥിതി സംബന്ധമായ തടസ്സങ്ങള്‍ നീക്കുന്നതും അവസാന ഘട്ടങ്ങളിലാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

ഓരോ 25-30 കിലോമീറ്ററുകളിലും യാത്രക്കാര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. പാത ഉപയോഗിക്കുന്ന ദൂരം അടിസ്ഥാനമാക്കി ടോള്‍ നല്‍കിയാല്‍ മതി. പാത പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകാന്‍ രണ്ട് വര്‍ഷത്തെ കാലാവധി വേണം. ഉത്തരാഖണ്ഡ് ടൂറിസവികസനവും പാത പൂര്‍ത്തിയാകുന്നതോടെ സാധ്യമാകുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. 

 

 

Content Highlights: Delhi-Dehradun Expressway 2.5-hr travel time minimum speed of 100kmph