ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഒരാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനുപിന്നാലെ നഗരത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം. ആനന്ദ് വിഹാര്‍ ഐ.എസ്.ബി.ടി.യില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ബസു കാത്തുനില്‍ക്കുന്ന തൊഴിലാളികളായിരുന്നു തിങ്കളാഴ്ചത്തെയും ചൊവ്വാഴ്ച പുലര്‍ച്ച വരെയുമുള്ള കാഴ്ച.

എന്നാല്‍, ആരും നഗരം വിട്ടുപോവരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കൂപ്പുകൈകളോടെ അഭ്യര്‍ഥിച്ചു. ഇതു ചെറിയൊരു ലോക്ഡൗണ്‍ മാത്രമാണ്. വെറും ആറു ദിവസത്തേക്കു മാത്രം. ആരും ഡല്‍ഹി വിട്ടുപോവരുത്. ലോക്ഡൗണ്‍ നീട്ടേണ്ടി വരില്ലെന്നാണ് എന്റെ ശുഭപ്രതീക്ഷ. നിങ്ങളെ എല്ലാവരെയും സര്‍ക്കാര്‍ സംരക്ഷിക്കും -മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പക്ഷേ, കഴിഞ്ഞവര്‍ഷത്തെ ദുരിതാനുഭവത്തില്‍ നാടുകളിലേക്കു മടങ്ങാന്‍ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ ബസ് ടെര്‍മിനലുകളിലെത്തി. ആനന്ദ് വിഹാര്‍ ഐ.എസ്.ബി.ടി.യിലും റെയില്‍വേ സ്റ്റേഷനിലുമായി അയ്യായിരത്തിലേറെ പേര്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

ലോക്ഡൗണ്‍ എന്തായാലും വരുമാനത്തെ ബാധിക്കും. ഇവിടെ നില്‍ക്കുന്നതിനെക്കാള്‍ ഭേദം നാട്ടില്‍ വീട്ടിലിരിക്കുന്നതാണ്.

ചിലപ്പോള്‍ ലോക് ഡൗണ്‍ നീട്ടിയേക്കാം. അതിനാല്‍ ഡല്‍ഹിയില്‍ നില്‍ക്കുന്നില്ല -ദില്‍ഷാദ് ഗാര്‍ഡനിലെ വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ ജോലിയെടുക്കുന്ന യു.പി. ബറേയ്ലി സ്വദേശി മുകേഷ് പ്രതാപ് പറഞ്ഞു.