ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദിച്ചെന്ന കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരുള്‍പ്പെടെ ഒമ്പത് എഎപി നേതാക്കളെ കോടതി കുറ്റവിമുക്തരാക്കി. മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സച്ചിന്‍ ഗുപ്തയുടേതാണ് ഉത്തരവ്. 

കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് സത്യത്തിന്റേയും നീതിയുടേയും വിജയമാണെന്ന് കോടതി വിധിക്ക് പിന്നാലെ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.  

മുഖ്യമന്ത്രി കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേയുള്ള കേസ് അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് കോടതി നിരീക്ഷിച്ചതായി മനീഷ് സിസോദിയ പറഞ്ഞു. മുഖ്യമന്ത്രിയെ രാജിവെപ്പിക്കുകയെന്ന ഗൂഢാലോചനയുടെ ഭാഗമാണ് തങ്ങള്‍ക്കെതിരേയുള്ള കേസ്. ആരോപണങ്ങള്‍ തെറ്റായിരുന്നുവെന്ന് തുടക്കം മുതല്‍ തങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2018 ഫെബ്രുവരി 19ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ യോഗത്തിനെത്തിയപ്പോള്‍ ചീഫ് സെക്രട്ടറി അന്‍ഷു മര്‍ദിക്കപ്പെട്ടുവെന്നാണ് കേസ്. പ്രാഥമിക അന്വേഷണത്തിന് ശേഷം കെജ്‌രിവാള്‍, മനീഷ് സിസോദിയ തുടങ്ങി പതിനൊന്ന് എഎപി നേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഒമ്പത് പേരെയാണ് നിലവില്‍ കുറ്റവിമുക്തരാക്കിയത്. എംഎല്‍എമാരായ പ്രകാശ് ജാര്‍വാള്‍, അമാനത്തുള്ള ഖാന്‍ എന്നിവര്‍ക്കെതിരേയുള്ള കേസ് നിലനില്‍ക്കും.

Content Highlights: Delhi court discharges Kejriwal, Sisodia in assault case against bureaucrat