ന്യൂഡല്‍ഹി: ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരെ മുന്‍ കേന്ദ്ര മന്ത്രി എം.ജെ. അക്ബര്‍ നല്‍കിയ ക്രിമിനല്‍ മാനനഷ്ട കേസ് കോടതി തള്ളി. കേസില്‍ പ്രിയാ രമണിയെ കോടതി കുറ്റവിമുക്തയാക്കി. ദശാബ്ദങ്ങള്‍ കഴിഞ്ഞാലും സ്ത്രീക്ക് പരാതി നല്‍കാന്‍ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. 

ലൈംഗിക പീഡനത്തിന് ഇരയാകുന്ന ആള്‍ നേരിടേണ്ടിവരുന്ന പ്രയാസങ്ങളും ക്ലേശങ്ങളും സമൂഹം മനസ്സിലാക്കണം. സാമൂഹ്യമായി വലിയ നിലയിലുള്ള ആള്‍ക്കും ലൈംഗിക പിഡകനാകാന്‍ കഴിയും. അത്തരം പ്രവൃത്തി ഒരാളുടെ അന്തസ്സും ആത്മാഭിമാനവും ഇല്ലാതാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാറാണ് വിധി പ്രസ്താവിച്ചത്.

1994ല്‍ ജോലിക്കായുളള അഭിമുഖത്തിനിടെ മുംബയിലെ ഹോട്ടല്‍മുറിയില്‍ വച്ച് എം.ജെ. അക്ബര്‍ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു പ്രിയ രമാണി നടത്തിയ വെളിപ്പെടുത്തല്‍. മീ ടൂ ക്യാമ്പയിന്‍ നടക്കുന്ന കാലത്ത് പ്രിയ ഉന്നയിച്ച ആരോപണത്തിന് പിന്നാലെ ഇരുപതോളം സ്ത്രീകളാണ് എം.ജെ. അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ഇതോടെ അക്ബറിന് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവയ്‌ക്കേണ്ടി വന്നു. 

മന്ത്രി എന്ന നിലയ്ക്ക് മാത്രമല്ല, വര്‍ഷങ്ങളായി താന്‍ ആര്‍ജിച്ചെടുത്ത കീര്‍ത്തിയും ബഹുമാനവും കുടുംബത്തിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും നഷ്ടപ്പെട്ടെന്ന് ആരോപിച്ചാണ് പ്രിയ രമണിക്കെതിരെ അക്ബര്‍ കോടതിയില്‍ ക്രിമിനല്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. 

തനിക്കെതിരേ ഉന്നയിച്ച ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നും വ്യാജ ആരോപണം ഉന്നയിച്ച പ്രിയ രമണിയെ വിചാരണ ചെയ്യണമെന്നും അക്ബര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായി പ്രിയ രമണിയും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: Delhi court acquits Priya Ramani in criminal defamation case filed by MJ Akbar