കോൺഗ്രസ് നേതാക്കളെ പാർട്ടിയിലേക്ക് സ്വീകരിക്കുന്ന എഎപി നേതാക്കൾ. photo: AAPDelhi/twitter
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പിന് പിന്നാലെ ഡല്‍ഹി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ എ.എ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അലി മെഹ്ദി, കൗണ്‍സിലര്‍മാരായ സബില ബീഗം, നസിയ ഖാതൂന്‍ എന്നിവരാണ് എഎപിയില്‍ ചേര്‍ന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇരുവരും.
ഡല്‍ഹിയില്‍ നടത്തിയ പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് മൂന്നുപേര്‍ക്കും എഎപി അംഗത്വം നല്‍കിയത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ പ്രവര്‍ത്തന മികവ് കണ്ടാണ് മൂന്നുപേരും പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും ഡല്‍ഹിയുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ ബിജെപിയേയും കോണ്‍ഗ്രസിനേയും ഞങ്ങള്‍ ക്ഷണിക്കുന്നതായും എഎപി നേതാവും എംഎല്‍എയുമായ ദുര്‍ഗേഷ് പതക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'കെജ്രിവാള് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് ഞങ്ങള്‍ എഎപിയില്‍ ചേരാന്‍ തീരുമാനിച്ചത്. ഞങ്ങളുടെ നാട്ടിലും വികസനം എത്തിക്കണം. കെജ്രിവാളിന്റെ നേതൃത്വത്തില്‍ എഎപി പാര്‍ട്ടി രാജ്യതലസ്ഥാനം വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്'. എഎപിയില്‍ ചേര്‍ന്നതിന് പിന്നാലെ അലി മെഹ്ദി പറഞ്ഞു.
സബില ബീഗം മുസ്തഫബാദിലെ 243-ാം വാര്‍ഡില്‍ നിന്നും നസിയ ഖാതൂന്‍ ബ്രജ്പൂജിയിലെ 245-ാം വാര്‍ഡില്‍ നിന്നുമാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ കൂറുമാറ്റ നിരോധന നിയമം ബാധകമല്ലത്തതിനാല്‍ ഇരുവരേയും അയോഗ്യരാക്കാനും സാധിക്കില്ല.
15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് ഭരണം എഎപി പിടിച്ചടക്കിയത്. 250 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 134 എണ്ണവും എഎപി പിടിച്ചെടുത്തിരുന്നു. 104 ഇടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. കോണ്‍ഗ്രസ് ഒമ്പത് ഇടത്തും വിജയിച്ചു. ഇതില്‍ രണ്ടുപേര്‍ പാര്‍ട്ടി മാറിയതോടെ കോണ്‍ഗ്രസിന്റെ അംഗബലം ഏഴിലേക്ക് ചുരുങ്ങി.
Content Highlights: Delhi Congress vice-president, 2 newly-elected councillors join AAP
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..