ന്യൂഡല്‍ഹി: ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലെ കാര്‍ഷിക സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ വാദിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തയ്യാറാക്കിയ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ പാനല്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ തള്ളിക്കളഞ്ഞിരുന്നു. ഇതാണ് കെജ്‌രിവാളിനെ പ്രകോപിപ്പിച്ചത്. സര്‍ക്കാര്‍ തയ്യാറാക്കിയ അഭിഭാഷക പാനലിനെ തള്ളിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍, ഡല്‍ഹി പോലീസ് തയ്യാറാക്കിയ പാനല്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. 

'മന്ത്രിസഭയെടുത്ത തീരുമാനങ്ങള്‍ റദ്ദാക്കുകയെന്നാല്‍ ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. ഡല്‍ഹിയില്‍ ജനങ്ങള്‍ സ്വീകരിച്ചത് ആം ആദ്മി പാര്‍ട്ടിയെയാണ്. ബി.ജെ.പി ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. രാജ്യം ബി.ജെ.പി ഭരിക്കട്ടെ, ഡല്‍ഹിയിലെ കാര്യങ്ങള്‍ ആം ആദ്മിക്ക് വിടൂ. ഇത്തരത്തിലുള്ള ഇടപാടുകള്‍ ഡല്‍ഹി ജനതയെ അപമാനിക്കുന്നതിന് തുല്യമാണ്. ബി.ജെ.പി ജനാധിപത്യത്തെ ബഹുമാനിക്കാന്‍ പഠിക്കണം'-അരവിന്ദ് കെജ്രരിവാള്‍ ട്വീറ്റ് ചെയ്തു. 

ജനുവരി 26-നുണ്ടായ അക്രമത്തെ തുടര്‍ന്ന് കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരാകാനുള്ള അഭിഭാഷകരുടെ പാനല്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ തയ്യാറാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടിക തള്ളിയ ഗവര്‍ണര്‍, ഡല്‍ഹി പോലീസിന്റെ പട്ടിക അംഗീകരിക്കുകയും ചെയ്തു. 

വിഷയം രാഷ്ട്രപതിക്ക് അയച്ചിരുന്നെങ്കിലും അടിയന്തര പ്രാധാന്യമുള്ളത് ആയതിനാല്‍ തന്റെ അധികാരം ഉപയോഗിച്ച് ഡല്‍ഹി പോലീസ് നല്‍കിയ 11 അഭിഭാഷകരുടെ പട്ടികയ്ക്ക് അംഗീകാരം നല്‍കുകയായിരുന്നെന്ന് ബൈജാല്‍ ഡല്‍ഹി സര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നുണ്ട്. 

വിഷയത്തില്‍ പ്രതികരണവുമായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രംഗത്തെത്തിയിട്ടുണ്ട്. അഭിഭാഷകരെ തിരഞ്ഞെടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യം എന്താണെന്ന് അദ്ദേഹം ആരാഞ്ഞു. അഭിഭാഷകരെ പോലും കേന്ദ്രമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ പിന്നെന്തിനാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരെന്നും സിസോദിയ ചോദിച്ചു.

Content Highlights: delhi cm arvind kejariwal aganist lieutenant anil baijal