ന്യൂഡൽഹി: ഏറ്റവും ദരിദ്രർക്ക് പോലും അന്തസ്സോടെ ജീവിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു നഗരമാക്കി ഡൽഹിയെ മാറ്റുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.  2047-ഓടെ എല്ലാവർക്കും അഭിമാനിക്കാവുന്ന രീതിയിൽ രാജ്യതലസ്ഥാനത്തെ മാറ്റുമെന്ന് കെജ്‌രിവാൾ പറഞ്ഞു. 'ഡൽഹി@2047' പദ്ധതി ഓൺലൈനിൽ അവതരിപ്പിച്ചതിന് ശേഷം തന്റെ കാഴ്ചപ്പാടുകൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നത് മുതൽ ജലസ്രോതസ്സുകളുടെ പുനരുജ്ജീവിപ്പിക്കൽ വരെ ഇതിൽ ഉൾപ്പെടും. കോർപ്പറേറ്റ് സ്ഥാപനങ്ങൾ, മറ്റ് സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക.  അടുത്ത 25 വർഷത്തേക്കുള്ള ഡൽഹിയുടെ വികസന പദ്ധതികളാണ് കെജ്‌രിവാൾ അവതരിപ്പിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങി എല്ലാ മേഖലകളിലും വികസനങ്ങളെത്തിക്കുന്നതിന്റെ രൂപരേഖയാണ് 'ഡൽഹി@2047' പുറത്തിറക്കിയത്.

രാജ്യം സ്വാതന്ത്ര്യം നേടി 100 വർഷം തികയുന്ന 2047-ൽ ഡൽഹിയ്ക്ക് വ്യക്തമായൊരു കാഴ്ചപ്പാടുണ്ട്. എന്നാൽ അതിനർത്ഥം ഇപ്പോൾ ജനങ്ങൾക്ക് വേണ്ടി ചെയ്യേണ്ട പ്രവർത്തനങ്ങൾ നീട്ടിവെക്കുന്നു എന്നല്ല. അടുത്ത വർഷങ്ങളിൽ മികച്ച സേവനങ്ങൾ ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കും. ജനങ്ങളക്ക് 24 മണിക്കൂറും ജലവിതരണം നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും ഇത് അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് സംഭവിക്കേണ്ട ഒന്നാണെന്നും കെജ്‌രിവാൾ പറഞ്ഞു.

ഡൽഹിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തേണ്ടതുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും നിരവധി വികസന പദ്ധതികളാണ് നടപ്പിലാക്കിയത്. ഇനിയും പല മേഖലകളിൽ വികസനം എത്തേണ്ടതുണ്ട്. കോർപ്പറേറ്റുകളുടെ പക്കൽ നിന്ന് ആശയങ്ങളാണ് വേണ്ടത്. ഞങ്ങൾക്ക് ഒറ്റക്ക് മാത്രം ഒന്നും ചെയ്യാൻ സാധിക്കില്ല, കോർപ്പറേറ്റ് മേഖലയിലുള്ളവരുടെ സഹായം കൂടിയേ തീരൂ. കോവിഡ് കാലത്ത് പലരും സഹായിച്ചിട്ടുണ്ട്. കോവിഡിനെ നേരിടാൻ നമുക്ക് സാധിച്ചിട്ടുണ്ടെങ്കിൽ മറ്റു മേഖലകളിലുള്ള പ്രതിസന്ധികളെയും ഇല്ലാതാക്കാൻ സാധിക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞു.

Content highlights: Delhi CM Aravind Kejriwal launches initiative to make Delhi global city by 2047