ന്യൂഡല്‍ഹി: മുന്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ ഡല്‍ഹി പോലീസ് കമ്മിഷണറായി നിയമിച്ചതിനെതിരെ പ്രമേയം പാസാക്കി ഡല്‍ഹി നിയമസഭ. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച നിയമന ഉത്തരവ് പിന്‍വലിക്കണമെന്നും അസ്താനയ്ക്ക് പകരം മറ്റൊരാളെ ആ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

എ.എ.പി എംഎല്‍എ സഞ്ജീവ് ഝാ ആണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയില്‍ അസ്താനയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് എ.എ.പി എംഎല്‍എമാര്‍ ഉന്നയിച്ചത്. പ്രതിപക്ഷ നേതാവും ബിജെപി എംഎല്‍എയുമായ രാംവീര്‍ സിങ് കേന്ദ്ര തീരുമാനത്തെ പുകഴ്ത്തി. 

സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് യോഗ്യനല്ലെന്ന് മുന്‍പ് കണ്ടെത്തിയ ഒരാളെ എന്തിനാണ് ഡല്‍ഹിയുടെ തലയില്‍ കെട്ടിവയ്ക്കുന്നതെന്നും പ്രമേയത്തില്‍ ചോദിക്കുന്നു. ഡിജിപിക്ക് തുല്യമായ പോസ്റ്റ് എന്ന രീതിയില്‍ അല്ല ഡല്‍ഹി പോലീസിലെ കമ്മിഷണറെ കേന്ദ്രം പരിഗണിക്കുന്നതെങ്കില്‍ അത് സുപ്രീം കോടതി വിധിയുടെ ലംഘനമാണ്. അതോടൊപ്പം മുന്‍പ് ഉയര്‍ന്ന തസ്തികയില്‍ ജോലിചെയ്തിട്ടുള്ള അസ്താനയെ അപമാനിക്കുന്നതിനു തുല്യമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത എ.എ.പി എംഎല്‍എ ഭുപീന്ദര്‍ സിങ് പറഞ്ഞു.

ഡല്‍ഹിയെ കുറിച്ച് ഒന്നും അറിയാത്ത ഗുജറാത്ത് കേഡറിലുള്ള ഒരാളെ ഡല്‍ഹിയില്‍ കമ്മിഷണറായി നിയമിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ആം ആദ്മി ചോദിക്കുന്നു. അസ്താനയുടെ ട്രാക് റെക്കോഡ് പരിശോധിച്ചാല്‍ ഇത്തരമൊരുനിയമനം കേന്ദ്രം നടത്തിയത് എന്തിനാണെന്ന് വ്യക്തമാകുമെന്നും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി ഡല്‍ഹിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.

ജൂലായ് അവസാനത്തോടെ സര്‍വീസ് കാലാവധി തീരാനിരുന്ന അസ്താനയ്ക്ക് ഒരു വര്‍ഷത്തെ സര്‍വീസ് നീട്ടി നല്‍കിയാണ് നിയമനം.

Content Highlights: Delhi assembly passes resolution against posting of Rakesh Asthana