ന്യൂഡൽഹി: ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങള്‍ കൊണ്ടോ ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടോ വോട്ട് ചെയ്യാന്‍ ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് പുതു സംവിധാനം ഒരുക്കി ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്. ആബ്സന്റീ വോട്ടേഴ്സ് എന്ന സംവിധാനമാണ് ഡല്‍ഹി നിയമസഭ തിരഞ്ഞടുപ്പില്‍ പുതുതായി പരിചയപ്പെടുത്തുന്നത്. 80 വയസ്സ് കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യവുമൊരുക്കും. വോട്ടര്‍ സ്ലിപ്പില്‍ ക്യു ആര്‍ കോഡ് രേഖപ്പെടുത്തിയിട്ടുള്ള ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനുണ്ട്.
വോട്ടർ സ്ലിപ്പിനു പകരം ക്യു ആര്‍ കോഡ്
വോട്ടര്‍ സ്ലിപ്പുകള്‍ കൊണ്ടുവരാത്ത വോട്ടര്‍മാര്‍ക്ക് വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പില്‍ നിന്ന് ക്യുആര്‍ കോഡ് ഡൗണ്‍ലോഡ് ചെയ്ത് കൊണ്ടുവരാവുന്നതാണ്. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത ശേഷം വോട്ട രേഖപ്പെടുത്താനുള്ള സൗകര്യമുണ്ടാവും. ഇതിനായി മൊബൈൽ സൗകര്യവും ഉപയോഗിക്കാം. ക്യു ആർ കോഡ് സൗകര്യം ഏർപ്പെടുത്തുന്നതിലൂടെ വോട്ടർമാരെ എളുപ്പം തിരിച്ചറിയാനാവും തിരഞ്ഞെടുപ്പ് പ്രക്രിയയും സുഗമമാവും.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്.
- ആബ്‌സന്റീ വോട്ടേഴ്‌സ് സമ്പ്രദായം ഈ തിരഞ്ഞെടുപ്പ് മുതല്‍ ഏര്‍പ്പെടുത്തി.
- വോട്ടർസ്ലിപ്പിനു പകരം ക്യു ആർ കോഡ് സൗകര്യം ഉപയോഗപ്പെടുത്താം.
- മുതിര്‍ന്ന പൗരന്‍മാര്‍ക്കും അംഗപരിമിതര്‍ക്കും റാമ്പ് വീല്‍ചെയറുകള്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. മാത്രവുമല്ല ഇവര്‍ക്കായി വാഹന സൗകര്യവുമുണ്ടാകും.
- 80 കഴിഞ്ഞവർക്ക് പോസ്റ്റൽ വോട്ട് രേഖപ്പെടുത്താം.
- 1.47 കോടി(1,46,92,136) വോട്ടര്‍മാര്‍.
- 13,750 പോളിങ് സ്‌റ്റേഷനുകള്‍
- ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക.
- ഈ മാസം 21 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
- നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
- 19000 ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
- 13750 പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും.
- അസാധാരണ സാഹചര്യം ഉടലെടുത്താല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തിരഞ്ഞെടുപ്പ് മാറ്റിവെക്കാം.
content highlights: Delhi assembly election, absentee voters, QR Code, Specialities and new technologies