ന്യൂഡല്‍ഹി: കോവിഡ് മൂലം മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് 25 വയസ് തികയുന്നത് വരെ പ്രതിമാസം 2500 രൂപ വീതം നല്‍കുമെന്നും അവരുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദരിദ്ര കുടുംബങ്ങളില്‍നിന്നുള്ള 72 ലക്ഷം പേര്‍ക്ക് ഈ മാസം 10 കിലോ സൗജന്യ റേഷന്‍ നല്‍കുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

" കോവിഡ് കാരണം നിരവധി കുട്ടികള്‍ക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു. തങ്ങള്‍ തനിച്ചായിപ്പോയെന്നും നിസ്സഹായരാണെന്നും അത്തരം കുട്ടികള്‍ കരുതരുത്. ഞാന്‍ എല്ലായ്‌പ്പോഴും അവരോടൊപ്പം നില്‍ക്കുന്നു." - അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. 

വരുമാനമുള്ള ഏക അംഗത്തെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച 50,000 രൂപയുടെ ഒറ്റത്തവണ സഹായത്തിന് പുറമേ പ്രതിമാസം 2,500 രൂപയും ലഭിക്കും. ഭര്‍ത്താവായിരുന്നു സമ്പാദിക്കുന്ന അംഗമെങ്കില്‍ ഭാര്യക്ക് സഹായം ലഭിക്കും. തിരിച്ചാണെങ്കില്‍ ഭര്‍ത്താവിന് സഹായം കിട്ടും. വ്യക്തി അവിവാഹിതനാണെങ്കില്‍ ഇത് മാതാപിതാക്കള്‍ക്കാണ് ലഭിക്കുക. 

ഓരോ മാസവും അഞ്ച് കിലോ റേഷന്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്നുണ്ടെന്നും എന്നാല്‍ ഈ മാസം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഇത് സൗജന്യമായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമേ അഞ്ച് കിലോ കൂടി കേന്ദ്ര പദ്ധതികള്‍ പ്രകാരം നല്‍കും. അതിനാല്‍ മൊത്തം 10 കിലോ റേഷന്‍ ഇത്തവണ സൗജന്യമായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് ഇല്ലെന്നും മാത്രമല്ല ഇത്തരം ഹ്രസ്വ കാലാവധിക്കുള്ളില്‍ അവ നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍, സൗജന്യ റേഷന്‍ ആവശ്യപ്പെടുന്ന പാവപ്പെട്ടവര്‍ അത് ലഭ്യമാക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

Content Highlights: Delhi Announces Free Education For Children Orphaned By Covid